scorecardresearch
Latest News

വിഴിഞ്ഞത്തേത് കലാപശ്രമം, സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം: സി പി എം

അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു

വിഴിഞ്ഞത്തേത് കലാപശ്രമം, സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം: സി പി എം

തിരുവനന്തപുരം: വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവപൂര്‍ണവും അപലപനീയവുമാണ്. സമരം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.

അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു സമരത്തിന്റെ പേരില്‍ നടക്കുന്നത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിനു പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവച്ച് അക്രമത്തിലേര്‍പ്പെടുകയാണ്. പൊലീസ് സ്റ്റേഷന്‍ തല്ലിത്തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ച കയ്യിലെടുക്കാനും കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുവരെ തുറുന്നുകാണിക്കണം.

കേരളത്തിന്റെ വികസനത്തിനുപ്രധാനമായ പദ്ധതികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. കൂടംകുളം പദ്ധതി, ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. ശക്തമായ നടപടികളിലൂടെ അത് നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുമുണ്ട്.

കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുകയെന്നത്. ഇതിന്റെ തുടര്‍ച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും സാധ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സമരരംഗത്തുള്ള ചെറുവിഭാഗമായും ചര്‍ച്ച നടത്താനും പ്രശ്നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ചില സ്ഥാപിത താല്‍പ്പര്യങ്ങളാണു തടസമായി നില്‍ക്കുന്നത്.

വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിനു പ്രധാനമാണെന്നു കണ്ടറിഞ്ഞ് എക്കാലവും സി പി എം പിന്തുണച്ചിട്ടുള്ളതാണ്. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. കരാറുകള്‍ യാത്ഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തില്‍ മേുഴുവന്‍ ജനതയും യോജിച്ചുനില്‍ക്കുകയെത് പ്രധാനമാണ്.

കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്തുകയെ സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മത്സ്യമേഖലയില്‍ അവയെ സംരക്ഷിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പരയാണു സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ ആ മേഖലയില്‍ ആര്‍ജിക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.

കടലോര മേഖലയിലെ വികസന പ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ നേടിയ അംഗീകാരം തകര്‍ക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യവും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആവശ്യകതയും ജനങ്ങളിലെത്തിക്കാന്‍ ശക്തമായ ക്യാമ്പയിന്‍ ഉയര്‍ന്നുവരണമെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpm statement on vizhinjam port stir