തിരുവനന്തപുരം: മോട്ടോർ വാഹന നിയമഭേദഗതിയിലൂടെ വൻ പിഴ ഈടക്കുന്നതിനെതിരെ സിപിഎം രംഗത്ത്. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൽക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി ചില സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകൾ ഇതുവരെയും ഭേദഗതി നിയമം നടപ്പിലാക്കിയിട്ടില്ല.

Also Read: ലൈസന്‍സ് ഇല്ല, ഹെല്‍മറ്റ് ധരിച്ചിട്ടില്ല; യുവാവിന് പിഴ 23,000 രൂപ!

ഉയർന്ന പിഴ ഈടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നും കോടിയേരി പറഞ്ഞു. വൻ അഴിമതിക്കാണ് കളമൊരുങ്ങന്നത്. ”പിഴത്തുക കൂടുമ്പോൾ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. അപ്പോൾ ആ പണം ആർക്ക് പോയി?” കോടിയേരി ചോദിച്ചു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടു വന്നിട്ടുള്ളത്. 1988-ന് ശേഷം, അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നിയമങ്ങളും, ചട്ടങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടു വന്നിരിക്കുന്നത്.

Also Read: ഗതാഗത നിയമലംഘകർ ശ്രദ്ധിക്കുക; സെപ്റ്റംബർ ഒന്നു മുതൽ കടുത്ത പിഴശിക്ഷ

പ്രഥമമായും ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന കേസുകളില്‍ നഷ്ടപരിഹാര തുക വർധിപ്പിക്കാന്‍ ബില്‍ നിർദേശിക്കുന്നു. പ്രത്യേകിച്ചു മരണം സംഭവിക്കുകയാണെങ്കില്‍. അത്തരം കേസുകളില്‍ 25,000 രൂപയില്‍ നിന്നും രണ്ട് ലക്ഷമാക്കി തുക ഉയര്‍ത്തും. ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്ന കേസുകളില്‍ 12,500ല്‍ നിന്നും നഷ്ടപരിഹാര തുക 50000മായി ഉയര്‍ത്തും. വാഹനാപകടത്തില്‍ പെട്ട ദരിദ്രരായ ആളുകള്‍ക്ക് ആദ്യ 60 മിനിറ്റിനുള്ളില്‍ തന്നെ മെച്ചപ്പെട്ട ചികിത്സ നല്‍കുവാനുള്ള പദ്ധതി വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍, കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്സിഡന്റ് ഫണ്ട് വഴിയാണ് സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ധനസഹായം ലഭ്യമാക്കുന്നത്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ഈ ഫണ്ട് ലഭ്യമാകും.

Also Read: Explained: എന്താണ് മോട്ടോർ വാഹന ഭേദഗതി ബിൽ? എന്തെല്ലാമാണ് മാറ്റങ്ങൾ

മോട്ടോര്‍ വാഹനങ്ങള്‍ക്ക് എന്തെങ്കിലും തകരാറോ മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ പരിസ്ഥിതിക്കോ ഹാനികരമായ എന്തെങ്കിലുമോ കണ്ടെത്തിയാല്‍ വിപണിയില്‍ നിന്നും വാഹനം പിന്‍വലിക്കാന്‍ ഉത്തരവിടാന്‍ ഈ ബില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തരാക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ നിർമാതാക്കള്‍ വാഹനം മാറ്റി നല്‍കുകയോ ഉപഭോക്താവിന് പൂർണ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യേണ്ടി വരും. റോഡ് സുരക്ഷയ്ക്കപ്പുറം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ വാഹനമോടിക്കല്‍ പോലുള്ള നിരവധി കുറ്റങ്ങള്‍ക്കുള്ള പിഴയും ബില്‍ വർധിപ്പിക്കുന്നു. ദേശീയ ഗതാഗത നയം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും ബിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.