കണ്ണൂര്‍. ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച അധിക നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അത്തരത്തിലൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
“ഒരു ലിറ്റര്‍ ഇന്ധനത്തിന് 106 രൂപയിലെത്തിച്ചത് ആരാണ്, കേന്ദ്ര ഗവണ്‍മെന്റ്. അപ്പോള്‍ ഉണ്ടാകാത്തെ വികാരം ഇപ്പോള്‍ വരുന്നത് രാഷ്ട്രീയമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഈ വില വര്‍ധനവുണ്ട്, താരതമ്യേന. എവിടെയെങ്കിലും ഒരു രൂപയുടെ കുറവുകൊണ്ട് കാര്യം ശരിയാകില്ല. കുറയ്ക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവുമില്ല,” എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
“കേന്ദ്രം ഇന്ധനവില ഇനിയും വര്‍ധിപ്പിച്ചാല്‍ സമരം ചെയ്യും. അതിലൊരു ധാര്‍മ്മിക പ്രശ്നവുമില്ല. രണ്ട് രൂപ വര്‍ധിക്കുന്നുവെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ധാര്‍മ്മിക പ്രശ്നമല്ല, രാഷ്ട്രീയമാണ്,” എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
“തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. ഇത് എല്ലാ കാലത്തും പരിശോധിച്ചിട്ടുള്ള ഒന്നാണ്,” സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വരുന്ന വാട്ട്സ്ആപ്പ് തെളിവുകള്‍ വ്യാജമാണെന്നും എല്ലാ കുന്തമുനയും മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരായെ കരിങ്കൊടി പ്രതിഷേധത്തെക്കുറിച്ചും എം വി ഗോവിന്ദന്‍ സംസാരിച്ചു. “ചില ആളുകള്‍ കരിങ്കൊടിയുമായി ഒരു ആത്മഹത്യ സ്ക്വാഡ് പോലെ പ്രവര്‍ത്തിക്കുകയാണ്. വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് ചാടുന്നവരെ എന്ത് ചെയ്യണം, ചാടാന്‍ അനുവദിക്കണോ,” എം വി ഗോവിന്ദന്‍ ചോദിച്ചു.
ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയുടെ പ്രതികരണവും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി. “ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ചില ആളുകള്‍ പറയുന്നതിന്റെ തുടര്‍ച്ച മാത്രമാണിത്. അത് ഗൗരവത്തിലെടുക്കുന്നില്ല. പാര്‍ട്ടിയുടെ ലേബല്‍ അവര്‍ക്കില്ല, അതൊക്കെ എത്രയോ കാലം മുന്‍പ് അവസാനിപ്പിച്ചതാണ്,” അദ്ദേഹം പറഞ്ഞു.