തൊടുപുഴ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. “സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. നിയമപരമായി തന്നെ നേരിടും. സ്വപ്നയില്‍ നിന്ന് ഒന്നും പുറത്ത് വരാനില്ല, അത്തരം ഭീഷണികള്‍ വേണ്ട. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണ്,” എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
“തിരക്കഥ തയാറാക്കുമ്പോള്‍ നല്ല കെട്ടുറപ്പുള്ളത് വേണം. ആദ്യത്തെ മിനുറ്റില്‍ തന്നെ പൊട്ടുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം. സ്വപ്നക്കെതിരെ കേസ് കൊടുക്കാന്‍ ധൈര്യമുണ്ടൊ എന്നല്ലെ സുധാകരന്‍ ചോദിച്ചത്. നിയമപരമായി എല്ലാ വഴിയും ഉപയോഗിച്ച് അവരെ നേരിടും. ഇവരെയൊന്നും ആര്‍ക്കും പേടിയില്ല,” ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
“വിജയ് പിള്ള എന്ന പേരാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാല്‍ വിജേഷ് പിള്ളയാണെന്ന് രണ്ട് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ആരാണെന്ന് വ്യക്തമാക്കട്ടെ ആദ്യം. എനിക്ക് അങ്ങനെയൊരു വ്യക്തിയെ അറിയില്ല. അത് ഉറപ്പായി പറയു്നു. കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല, ഇവർക്ക് എവിടെ നിന്നാണ് പിള്ളയെ കിട്ടിയതെന്ന് അറിയില്ല,” ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ളയും സ്വപ്നയുടെ അവകാശവാദങ്ങള്‍ തള്ളിയിരുന്നു. വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ച സ്വപ്ന വളച്ചൊടിച്ചതായി വിജേഷ് വ്യക്തമാക്കി. സ്വപ്ന തയാറാക്കിയ തിരക്കഥയിലേക്ക് തന്നെ ചേര്‍ക്കുകയാണ് ഇപ്പോള്‍ ഉണ്ടായതെന്നും വിജേഷ് പറഞ്ഞു.
സ്വപ്നയ്ക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയതായും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ മെയില്‍ മുഖേന പരാതി നല്‍കിയതായും വിജേഷ് കൂട്ടിച്ചേര്‍ത്തു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇ ഡി മൊഴിയെടുത്തു. മൂന്ന് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു നിന്നതായും വിജേഷ് പറഞ്ഞു. തന്റെ പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്നും വിജേഷ് വ്യക്തമാക്കി.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്ന വ്യക്തി തന്നെ സമീപിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ കൈമാറണമെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ വിളിക്കുന്നതെന്ന് വിജേഷ് പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍: അസംബന്ധമെന്ന് സിപിഎം
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയെന്നത് നട്ടാല്‍ പൊടിക്കാത്ത നുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.