തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കൊച്ചിയില്‍ നടന്ന യുവം 2023 പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചും പരിഹസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ നിന്ന് വിജയം കൊയ്യാനാകില്ലെന്ന് മോദിക്കറിയാം, അതിനാലാണ് അത്തരം കാര്യങ്ങളില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ തയാറാകാതിരുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
“കേരളത്തില്‍ എത്ര സീറ്റ് നേടുമെന്നോ എപ്പോള്‍ അധികാരത്തില്‍ വരുമെന്നൊ പ്രധാനമന്ത്രി പറയാതിരുന്നത് മനപ്പൂര്‍വമാണ്. പരിഭാഷ നടത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന് മാത്രമാണ് ആവേശം ഉണ്ടായിരുന്നത്. പ്രധാനമന്ത്രി അത്ര ആവേശത്തിലായിരുന്നില്ല. മോദിക്കറിയാം കേരളത്തില്‍ അത്തരം കാര്യങ്ങള്‍ നടക്കില്ലെന്ന്,” ഗോവിന്ദന്‍ വ്യക്തമാക്കി.
“സംസ്ഥാനത്തിന് എയിംസും റെയില്‍വെ സോണും അനുവദിക്കാമെന്നത് പറഞ്ഞ് തീരുമാനിച്ച കാര്യമാണ്, പക്ഷെ സാധ്യമായില്ല. ദേശീയ പാതാ വികസനം പിണറായി സര്‍ക്കാര്‍ വന്നതുകൊണ്ട് മാത്രം നടപ്പായതാണ്. രാജ്യത്ത് കേരളമൊഴികെ മറ്റൊരു സംസ്ഥാനവും ദേശീയപാത വികസനത്തിനായി പണം നല്‍കേണ്ട സാഹചര്യമുണ്ടായിട്ടില്ല,” ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
“ക്ഷേമപെന്‍ഷന്‍ സംബന്ധിച്ചുള്ള ബിജെപിയുടെ അവകാശവാദങ്ങള്‍ക്കും ഗോവിന്ദന്‍ മറുപടി നല്‍കി 52.17 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ കേന്ദ്ര സഹായം ലഭിക്കുന്നത് 6.8 ലക്ഷം പേര്‍ക്കാണ്. അതില്‍ 500 മുതല്‍ 200 രൂപ വരെ മാത്രമാണ് കേന്ദ്ര വിഹിതം,” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്വര്‍ണക്കടത്ത് വിഷയം പ്രസംഗത്തിനിടെ പരാമര്‍ശിച്ചതിനും ഗോവിന്ദന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സ്വര്‍ണം കടത്തുന്നവരേയും ആര്‍ക്കാണ് എത്തിച്ചതെന്നും കണ്ടെത്തേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. അതിന്റെ പരാജയം മറയ്ക്കാന്‍ കേരളത്തിന്റെ മേല്‍ ചാര്‍ത്തേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
വന്ദേ ഭാരത് ട്രെയിന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നത് പോലെ നമുക്കും നല്‍കി. അതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. വന്ദേ ഭാരതിന് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കാനാകില്ലെന്നും അവിടെയാണ് കെ റെയിലിന്റെ പ്രസക്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.