കണ്ണൂര്‍: മൂസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന, അല്ലെങ്കില്‍ ആ തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന എല്ലാത്തിനേയും സിപിഎം സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന് വ്യക്തമാക്കി.
“മുംസ്ലിം ലീഗിനെ പ്രശംസിച്ചതിനെ വ്യാഖ്യനിക്കുന്നവര്‍ക്ക് എങ്ങനെ വേണമെങ്കിലുമാകാം. ഇവിടെ കാവിവത്കരിക്കാനൊരുങ്ങിയ ഗവര്‍ണര്‍ക്കെതിരെ ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു. അതിനെ സ്വാഗതം ചെയ്തു. അതുപോലെ തന്നെ വിഴിഞ്ഞം സമരത്തില്‍ വര്‍ഗീയ പ്രചാരവേലകളുടെ ഭാഗമായുള്ള പ്രശ്നം വന്നപ്പോഴും ലീഗ് നിലപാട് സ്വീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആരോപണങ്ങള്‍ എം വി ഗോവിന്ദന് തള്ളി. അവരുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഒരു തരത്തിലും ഞങ്ങളെ ബാധിക്കുന്നവയല്ലെന്നായിരുന്നു സിപിഎം സെക്രട്ടറിയുടെ പ്രതികരണം.
മുസ്ലിം ലീഗ് വര്‍ഗീയ പാര്ട്ടിയല്ലയെന്ന എം വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണു വഴിവച്ചത്. മുസ്ലിം ലീഗിനെ ജനാധിപത്യ രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് സിപിഎം കണ്ടിട്ടുള്ളതെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വാക്കുകള്‍.
എം വി ഗോവിന്ദന്റെ നിലപാട് ആവര്‍ത്തിച്ചെങ്കിലും എതിര് മുന്നണിയിലുള്ള ഒരു പാര്‍ട്ടിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു സിപിഐയുടെ പക്ഷം. വര്‍ഗീയ പാര്‍ട്ടിയായി ലീഗിനെ മാറ്റി നിര്‍ത്തേണ്ടതില്ല. ലീഗിനെ ഇടതു മുന്നണിയില്‍ എടുക്കുന്നുവെന്ന തരത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപക്വമാണെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം വ്യക്താക്കി.
സിപിഎമ്മിന്റെ തന്ത്രത്തെ തള്ളുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എം വി ഗോവിന്ദന്റെ പ്രസ്താവന കൊണ്ട് യുഡിഎഫിൽ കുഴപ്പമുണ്ടാക്കാനാകില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അത് വാങ്ങി വച്ചാൽ മതിയെന്നും സതീശന് പറഞ്ഞു.