തിരുവല്ല: പി.ബി.സന്ദീപ് കുമാറിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലയ്ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്നും കോടിയേരി ആരോപിച്ചു. സന്ദീപിന്റെ കുടുംബത്തെ വീട്ടിലെത്തി കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
“സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. അദ്ദേഹത്തിന്റെ ഭാര്യക്ക് സ്ഥിരം ജോലി ഉറപ്പാക്കും. കുട്ടികളുടെ വിദ്യാഭ്യാസം ജില്ലാ നേതൃത്വം ഏറ്റെടുക്കും,” കോടിയേരി വ്യക്തമാക്കി. എന്നാല്‍ ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി അക്രമരാഷ്ട്രീയം തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും പറഞ്ഞു.
“അക്രമരാഷ്ട്രീയം ആര്‍എസ്എസ് ഉപേക്ഷിക്കണം. സമാധാനത്തിന്റെ പാതയാണ് സിപിഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കും. സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യാജപ്രചരണം നടത്തുന്നത് പതിവായിരിക്കുന്നു. വെഞ്ഞാറമൂടില്‍ രണ്ട് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയപ്പോഴും സമാന രീതിയിലായിരുന്നു പ്രചരണം, ഇത് അവസാനിപ്പിക്കണം,” കോടിയേരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സന്ദീപിന്റെ കൊലപാതകം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപം വച്ച് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അക്രമി സംഘം പിന്തുടർന്ന് വീണ്ടും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
Also Read: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; സംഭവത്തില്‍ അന്വേഷണം