തിരുവനന്തപുരം: സിപിഎമ്മിന്റെ ജനസ്വാധീനം ചോർന്നുപോയെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിലെ സംഘടനാ സംവിധാനത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നും സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് വരെ പാർട്ടിഘടകങ്ങളിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖാക്കൾ ജനങ്ങൾക്കൊപ്പം നിൽക്കണം

ജനങ്ങളോട്​ സ്​നേഹത്തോടെ ഇടപെടാൻ കഴിയണം. ജനപിന്തുണ നഷ്ടപ്പെടുന്ന വിഷയങ്ങളിൽ പങ്കാളികളാകരുതെന്നും കോടിയേരി പറഞ്ഞു. ജനങ്ങളുമായുള്ള ഇടപെടൽ ശക്തിപ്പെടുത്തണം. സിപിഎമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വർധിപ്പിക്കാൻ നോക്കണമെന്നും കോടിയേരി വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രിയുടെ പ്രകടനം കൊള്ളാം, പക്ഷേ, മറ്റ് മന്ത്രിമാര്‍ പോര; സിപിഎം സംസ്ഥാന സമിതി

അക്രമ രാഷ്ട്രീയം പാടില്ല, സമാധാനം സ്ഥാപിക്കാൻ​ പ്രാധാന്യം നൽകണം

പാർട്ടി അധികാര കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ പാടില്ല. പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിൽ നിർബന്ധം പിടിക്കാനും പാടില്ല. വികസനം, സമാധാനം എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് പ്രവർത്തകർ പ്രവർത്തിക്കണം. സിപിഎം അംഗങ്ങൾ അക്രമ പ്രവർത്തനങ്ങളിൽ പങ്കാളികളാവരുത്. പ്രവർത്തകർ അക്രമങ്ങളിൽ പങ്കെടുക്കരുത് എന്നതു പാർട്ടി ബോധമാകണം. സമാധാനം സ്ഥാപിക്കുന്നതിനാണ്​ പാർട്ടി പ്രാധാന്യം നൽകേണ്ടത്​. ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക്​ ഇരയായിട്ടുള്ള പാർട്ടിയാണ്​ സിപിഎം. ഇത്​ ആരും ചർച്ചയാക്കാറില്ലെന്നും കോടിയേരി പറഞ്ഞു.

Also Read: മോദിയെ എപ്പോഴും കുറ്റം പറയരുത്; ഭരണം അത്ര മോശമല്ല: ജയ്റാം രമേശ്

ആർഎസ്‌എസിന് മുന്നിൽ കീഴടങ്ങാത്ത രാഷ്ട്രീയം

ദേശീയതലത്തിൽ വലതുപക്ഷ കക്ഷികൾക്കാണ്​ മേൽകൈ ലഭിക്കുന്നതെന്നും സംസ്ഥാനത്തും കടന്നുകയറാൻ വലതുപക്ഷ കക്ഷികൾ ശ്രമം നടത്തുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഫാസിസ്​റ്റ്​ രീതിയിലാണ്​ പ്രവർത്തിക്കുന്നത്​. ബിജെപി കോൺഗ്രസ്​ നേതാക്കളെ ഭീഷണിപ്പെടുത്തി സ്വന്തം പ​ക്ഷത്തേക്ക്​ ചേർക്കുകയാണെന്നും ആർഎസ്​എസിന്​ മുന്നിൽ കീഴടങ്ങാത്ത രാഷ്​ട്രീയമാണ്​ വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ട്; യുവതീപ്രവേശത്തിന് മുൻകൈ വേണ്ട

ശബരിമല നിലപാടിലെ തെറ്റിദ്ധാരണ മാറ്റാൻ തുടർച്ചയായി ഇടപെടും. അതേസമയം ശബരിമല യുവതീപ്രവേശത്തിനു മുൻകൈ എടുക്കേണ്ടന്നാണ് സിപിഎം തീരുമാനം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാൽ മതി. എന്നാൽ ശബരിമല നിലപാടിൽ മാറ്റമില്ല, വിനയത്തോടെ ജനങ്ങളോട് ഇടപ്പെട്ട് വിശ്വാസം വീണ്ടെടുക്കണം. നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നതും തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.