തിരുവനന്തപുരം: അമേരിക്കയില്‍ മൂന്ന് തവണ പോയിട്ടുണ്ടെന്നും അത് ചികിത്സയ്ക്കായാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “ചികിത്സാ ചിലവ് പൂര്‍ണമായും വഹിച്ചത് പാര്‍ട്ടിയാണ്. ഒരു നയാ പൈസ പോലും ആരു ചിലവാക്കിയിട്ടില്ല. മറ്റ് കാര്യങ്ങള്‍ ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കണം,” കോടിയേരി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ട് അമേരിക്കയിലേക്കാണ് പോകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എകെജി സെന്റെറില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ കോടിയേരിയുടെ പ്രതികരണം.
“സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലെ ഷാജ് കിരണൻ എന്ന വ്യക്തിയെ അറിയില്ല. ഇങ്ങനെയുള്ള സന്ദര്‍ഭത്തിലെല്ലാം ഓരോ ആളുകൾ കയറി വരും. അത്തരത്തിലൊരാളാണ് ഷാജ് കിരൺ. ആ പേര് തന്നെ ആദ്യമായാണ് കേൾക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല,” കോടിയേരി കൂട്ടിച്ചേര്‍ത്തു.
Read More: രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമം; പിന്നില്‍ വലിയ ഗൂഢാലോചന: കോടിയേരി
സ്വര്‍ണക്കടത്ത് കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമായ ഉദ്ദേശമെന്ന് കോടിയേരി ആരോപിച്ചു. “രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കണം. കേരളത്തിലെപ്പോഴും സംഘര്‍ഷങ്ങളും കലാപങ്ങളുമുള്ള സാഹചര്യം നിലനിര്‍ത്തുകയാണ് ലക്ഷ്യം. അതിനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്,” കോടിയേരി വ്യക്തമാക്കി.
“നിലവിലത്തെ സാഹചര്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇതിന്റെ ഭാഗമായാണ് കേസിലെ പ്രതി ചില വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് 164 ലെ വിവരങ്ങള്‍ കൊടുത്തയാളുതന്നെ വെളിപ്പെടുത്തുകയാണ്. സാധരണഗതിയില്‍ 164 കൊടുത്താല്‍ അത് കോടതിയുടെ രഹസ്യരേഖയാണ്. ആ രേഖ അന്വേഷണ ഏജന്‍സി പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്,” സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
“ഇവിടെ പക്ഷെ ഉദ്ദേശിക്കുന്നത് അതല്ല, പ്രചരണമാണ്. മുഖ്യമന്ത്രിക്കെതിരെ പ്രചരിപ്പിക്കണം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കണം. ഈ ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ 164 കൊടുത്തുവെന്ന് പറയുന്ന ഭാഗം അവര് വെളിപ്പെടുത്തിയപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്ന മൊഴി നോക്കുമ്പോള്‍ നിറയെ വൈരുദ്യങ്ങളാണ്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമാണ്,” കോടിയേരി കൂട്ടിച്ചേര്‍ത്തു.
“ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് എന്താണെന്ന് സര്‍ക്കാര്‍ കണ്ടെത്തണം. ശരിയായ കാര്യങ്ങളും ആരോപണങ്ങളും ആര്‍ക്കും ഉന്നയിക്കാം. പക്ഷെ, ഈ ഒരു ആരോപണം ഉന്നയിക്കുക. പിറ്റെ ദിവസം തന്നെ കേരളത്തില്‍ കലാപം ആരംഭിക്കുക. ഇത് ആസൂത്രിതമായി നടത്തിയ ഗൂഢപദ്ധതിയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്,” കോടിയേരി ചൂണ്ടിക്കാണിച്ചു.
Also Read: സ്വപ്‌ന പുറത്തുവിട്ട ശബ്‌ദരേഖ എഡിറ്റ് ചെയ്തത്, നാളെ താനും ശബ്‌ദരേഖ പുറത്തുവിടും: ഷാജ് കിരൺ