തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഹമ്മദലി ജിന്നയുടെ ലീഗിന്റെ അക്രമശൈലിയാണ് ഇന്ന് കേരളത്തിലെ മുസ്‌ലിം ലീഗ് പിന്തുടരുന്നതെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.
“ഇന്ത്യ വിഭജനകാലത്തെ മുസ്‌ലിം ലീഗ് തീവ്ര വര്‍ഗീയതയുടേതായിരുന്നു, അതുപോലെ ഇന്നതെ ലീഗ് നേതൃത്വം മാറിയിരിക്കുന്നു. അന്നത്തെ അക്രമശൈലിയാണ് ഇപ്പോള്‍ ലീഗ് കേരളത്തില്‍ പ്രയോഗിക്കുന്നത്. ലീഗ് കാളകൂട വിഷം ചീറ്റുന്നു. അതിനാലാണ് മുഖ്യമന്ത്രിയുടെ പിതാവിനേയും കുടുംബത്തേയും അവഹേളിക്കുന്നത്,” കോടിയേരി ലേഖനത്തില്‍ പറയുന്നു.
കോഴിക്കോട് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന വഖഫ് സംരക്ഷണ റാലിയേയും കോടിയേരി വിമര്‍ശിച്ചു. “കോഴിക്കോട്ടെ റാലിയില്‍ ലീഗ് നേതാക്കള്‍ പച്ച വര്‍ഗീയത വിളമ്പിയത് അക്രമശൈലിയുടെ ഭാഗമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് മുസ്‌ലിം ലീഗില്‍ പ്രവേശിച്ചു. കേരളം വര്‍ഗീയ ലഹളയിലേക്ക് വീഴാത്തത് ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ്,” കോടിയേരി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ജയ്പൂര്‍ റാലിയില്‍ നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രഖ്യാപനത്തെ വിമര്‍ശിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ലീഗ് എങ്ങനെയൊരു ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകുമെന്ന് കോടിയേരി ചോദിച്ചു. മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്തടക്കം എല്‍ഡിഎഫ് മുന്നേറ്റം കാഴ്ചവച്ചു, അതിനെ മറികടക്കാന്‍ പച്ചയായ വര്‍ഗീയത പുറത്തെടുക്കുകയാണ് ലീഗെന്നും കോടിയേരി ആരോപിച്ചു.
Also Read: കർണാടകയിൽ മത പരിവർത്തനത്തിനെതിരെ കർശന നിയമനിർമാണത്തിന് ശ്രമവുമായി ബിജെപി സർക്കാർ