തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോകായുക്തയില്‍ അപ്പീല്‍ നല്കാന് കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന്, ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. അപ്പീലിന്മേലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്, കോടിയേരി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനും എതിരായ പരാതികള്‍ കാരണമാണ് ഭേദഗതി വരുത്തുന്നതെന്ന് ആരോപണം കോടിയേരി തള്ളി. അത്തരം പരാതികളുമായി വിഷയത്തിന് യാതൊരു ബന്ധവുമില്ലെന്ന് കോടിയേരി മറുപടി പറഞ്ഞു.
കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ ലോകായുക്തക്ക് അധികാരമില്ലെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി സമാനമാണെന്നും 2020 ല്‍ ഭേദഗതിയോടെയാണ് പഞ്ചാബ് ഇത് നടപ്പിലാക്കിയതെന്നും കോടിയേരി വിശദീകരിച്ചു. മന്ത്രിമാര്‍ക്കെതിരെ പരാതി നല്‍കുന്നത് തുടരുന്നതിന് പ്രശ്നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Also Read: തീവ്രവ്യാപനം തുടരുന്നു; ഇന്ന് അരലക്ഷത്തിലധികം കോവിഡ് കേസുകള്‍: ആരോഗ്യമന്ത്രി