തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ആരെയും കണ്ണീരിലാഴ്ത്തി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രിട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയോട് എതിരഭിപ്രായമുള്ളവരുമായി തുറന്ന സംവാദത്തിന് തയാറാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി ടി. എം. തോമസ് ഐസക് രചിച്ച ‘എന്തുകൊണ്ട് കെ റെയില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ മുന്നോട്ട് പോക്കിന് യൂഡിഎഫ് സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കെ. സുധാകരനുമായി ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ആ നിലപാട് കെ റെയിലിന്റെ കാര്യത്തിലും സുധാകരന്‍ സ്വീകരിക്കണം. പദ്ധതിയ്ക്ക് അനുമതി ലഭിക്കാന്‍ 20 എംപിമാരും ഒന്നിച്ച് നില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
“വികസനത്തിന്റെ കാര്യത്തില്‍ മാതൃക സൃഷ്ടിക്കുകയാണ് കേരളം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ നയം. കെ റെയിലും അത്തരത്തിലൊരു പദ്ധതിയാണ്. എത്ര വേഗത്തിലുള്ള ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചാലും കേരളത്തിലെത്തുമ്പോള്‍ വേഗതയില്ല. അതിന് പരഹാരമാണ് കെ-റെയില്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: സംസ്ഥാനത്ത് 5,023 പേര്‍ക്ക് കോവിഡ്; സജീവ കേസുകള്‍ അരലക്ഷത്തില്‍ താഴെ