തിരുവനന്തപുരം: സുപ്രീം കോടതി വിധിയനുസരിച്ച്‌ വിശ്വാസിയായ സ്‌ത്രീക്ക്‌ ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ടെന്നും എന്നാല്‍ സ്‌ത്രീകളെ ശബരിമലയിലേക്ക്‌ കൊണ്ടുപോവുകയെന്നത്‌ സിപിഎമ്മിന്റെ പരിപാടിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിശ്വാസിയായ ഏതൊരു സ്‌ത്രീക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ കഴിയണം. കോടതിവിധിയില്‍ തൃപ്‌തിയില്ലാത്ത വിഭാഗങ്ങള്‍ക്ക്‌ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനുള്ള നിയമപരമായ അവകാശങ്ങള്‍ക്ക്‌ ആരും എതിരല്ല. എന്നാല്‍, ഈ സാഹചര്യത്തെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനും കലാപ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കം ജനാധിപത്യ കേരളം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട്‌ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ്സ്‌ – ബിജെപി കൂട്ടുകെട്ട്‌ നടത്തുന്ന നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. പന്ത്രണ്ട്‌ വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക്‌ ശേഷമാണ്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്‌താവിച്ചത്‌. എല്ലാ വിഭാഗങ്ങളുടേയും വാദമുഖങ്ങളും, അമിക്കസ്‌ക്യൂറിമാരുടെ നിര്‍ദ്ദേശങ്ങളും പരിശോധിച്ച്‌ രാജ്യത്തെ ഉന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്‌.

സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സിപിഎമ്മിന്‌ വ്യക്തമായ നിലപാടുണ്ട്‌. ഈ നിലപാടാണ്‌ ക്രൈസ്‌തവ വിഭാഗത്തിലെ സ്‌ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തിലും, മുസ്‌ലിം വിഭാഗത്തിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും സിപിഎം സ്വീകരിച്ചത്‌. ഭക്തരായ സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം വേണമെന്ന നിലപാടാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലമായി നല്‍കിയതും. എന്നാല്‍ സിപിഎം നിലപാടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണമോ, ചട്ടഭേദഗതിയോ നടത്തി ഒരു മാറ്റവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ വാദമുഖങ്ങളേയും പരിഗണിച്ച്‌ സുപ്രീംകോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമയാണെന്നും പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.