തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജനുവരി നാലാം തീയതിയാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ.
“പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടും ചര്‍ച്ച ചെയ്തിരുന്നു. കോടതിയില്‍ രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് രാജി. മജസ്ട്രേറ്റ് കോടതി പൊലീസ് അന്വേഷണത്തിനാണ് ഉത്തരവിട്ടത്. പൊലീസ് അത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു,” സജി ചെറിയാന്‍ പറഞ്ഞു.
“ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമല്ല ഞാന്‍ നടത്തിയത്. അത് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആര്‍ക്കെങ്കിലും പ്രയാസമുണ്ടായെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്, അതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് തുടര്‍ നടപടിയെടുക്കാവുന്നതാണ്,” സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനെ അവഹേളിച്ചില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ വിമര്‍ശനം ഉന്നിയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ടായി.
എന്നാല്‍ സജി ചെറിയാന്റെ വാക്കുകള്‍ പിന്നീട് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു പ്രതിപക്ഷം. നാടെങ്ങും സജി ചെറിയാനെതിരെ പ്രതിഷേധമുയര്‍ന്നു. വിവാദമായതിന് പിന്നാലെ സജി ചെറിയാന്റെ രാജിക്കായി കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ മുറവിളി കൂട്ടി. അവസാനം ഗത്യന്തരമില്ലാതെ മന്ത്രിസഭയുടെ പടിയിറങ്ങേണ്ടി വന്നു സജി ചെറിയാന്.
രണ്ടാം പിണറായി സര്‍ക്കാരില്‍ സാംസ്കാരിക വകുപ്പായിരുന്നു സജി ചെറിയാന്‍ വഹിച്ചിരുന്നത്. സജി ചെറിയാന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയില്‍ അഴിച്ചു പണി നടന്നിരുന്നില്ല. പകരം വകുപ്പ് വിഭജിച്ച് നല്‍കുകയായിരുന്നു.