തിരുവനന്തപുരം: പല മന്ത്രിമാരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. സർക്കാരിനും ഇടതുമുന്നണിക്കും ചീത്തപേരുണ്ടാക്കുന്ന തരത്തിലാണ് ചില പൊലീസ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. ഇവരിപ്പോഴും സംസ്ഥാന ഭരണം മാറിയത് അറിയാത്തവരാണോ​എന്നും നേതാക്കൾ വിമർശനം ഉയർത്തി. സർക്കാർ പത്തുമാസം പിന്നിട്ടപ്പോഴാണ് സെക്രട്ടേറിയറ്റ് ഈ​ വിലയിരുത്തൽ നടത്തിയത്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ സർക്കാരിനെ നിശിതമായി വിലയിരുത്തുന്ന സെക്രട്ടേറിയറ്റ് യോഗം രാഷ്ട്രീയ നീരിക്ഷകരിൽ അത്ഭുതമുളവാക്കിയിരിക്കുകയാണ്.
സര്‍ക്കാറിന്റെ പത്ത് മാസത്തെ ഭരണ വിലയിരുത്തലിനും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനുമായി ചേര്‍ന്ന നാല് ദിവസത്തെ നേതൃയോഗത്തിലാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ഉൾപ്പടെ വിമർശനത്തിന് ഇരയായത്. ഒട്ടേറെ വിവാദങ്ങളിൽ പെട്ട സർക്കാരിനെ സംരക്ഷിച്ചു പോന്ന പാർട്ടി സ്വയം വിമർശമനപരമായി വിലയിരുത്തലിന് തയ്യാറായത് ഇപ്പോഴാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ സമയത്ത് ഇത്തരം ഒരു വിലയിരുത്തലിന് തയ്യാറായത് എന്തുകൊണ്ടാണ് എന്നത് രാഷ്ട്രീയനീരീക്ഷകരിൽ കൗതുകം ഉണർത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ സല്‍പ്പേര് ഇല്ലാതാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടി എടുത്ത് ശക്തമായ സന്ദേശം നല്‍കണം. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സന്ദേശമാവണം സര്‍ക്കാറിന്റെ നടപടികളിലൂടെ നൽകേണ്ടത്. ആവശ്യമെങ്കിൽ പൊലീസ് സേനയില്‍ അഴിച്ചുപണിക്കും തിരുത്തലിനും സര്‍ക്കാര്‍ മടിക്കരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനെ നിസാരവല്‍കരിക്കരുത്. സര്‍ക്കാരിന് കളങ്കം ഉണ്ടാക്കാനുളള ശ്രമം ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കണം. സ്ത്രീപീഡനം, കൊലപാതകം, സംഘര്‍ഷം എന്നിവ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാകില്ളെന്ന വിശ്വാസത്തിലാണ് വോട്ടര്‍മാര്‍ മുന്നണിക്ക് വേണ്ടി വോട്ട് ചെയ്തത്. ചില കേസുകളിൽ പ്രതികള്‍ക്ക് എതിരെ കേസെടുക്കാതെയും നടപടി ഉണ്ടാവാതെയും ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്ന പരാതികള്‍ ഉയരുകയാണ്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നത് മുന്നണിക്കും സര്‍ക്കാറിനും തിരിച്ചടിയാവും. വിജിലന്‍സിന് എതിരായ കോടതി വിമര്‍ശങ്ങളെ ഗൗരവമായി കാണണം. വിജിലന്‍സ് കമീഷന്‍ രൂപീകരിക്കുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം നടപ്പാക്കണം.
ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷക്ക് ഒത്ത് ഉയരുന്നില്ലെന്ന് വിമർശിച്ച നേതാക്കൾ. ഉദ്യോഗസ്ഥ ഭരണത്തിനായി വകുപ്പുകളെ വിട്ടുകൊടുക്കരുതെന്ന് പറഞ്ഞു.. മുന്നണിയുടെ നയപരിപാടികളും ഉറപ്പുകളും നടപ്പാക്കാൻ നടപടിയുണ്ടാവണം. .
വിലകയറ്റം പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തണം. സഹകരണ വകുപ്പിന്റെ ഇടപെടല്‍ ഗുണപരമാണ്. അരി വിതരണം, റേഷന്‍ കാര്‍ഡ് നല്‍കല്‍ എന്നിവയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. പട്ടയ വിതരണം വേഗത്തിലാക്കണം. നിയമ ലംഘനം നടത്തുന്ന സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക്നേരെ മാനേജ്മെന്‍റില്‍ നിന്നുണ്ടാവുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു.
മന്ത്രിമാര്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. വിവാദങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രവണത ഭരണപക്ഷത്ത് നിന്ന് തന്നെ ഉയരുന്ന പ്രവണത ദൗർഭാഗ്യകരമാണെന്ന് പൊതുവിൽ ഉയർന്ന അഭിപ്രയാം. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ജാഗ്രതയുണ്ടാവണം. അതിലുണ്ടായ വീഴ്ചയാണ് ബജറ്റ് ചോര്‍ച്ചാ വിവാദത്തിന് അടക്കം ഇടയാക്കിയതെന്നും യോഗം വിലയിരുത്തി. സി പി എം സംസ്ഥാന സമിതിയോഗം ശനിയാഴ്ച ആരംഭിക്കും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.