തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. അധ്യാപക നിയമനത്തിന് പ്രിയ വര്‍ഗീസ് അയോഗ്യ എന്ന ഹൈക്കോടതി വിധി സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. ഗവര്‍ണര്‍ക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്കും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കിയേക്കും. കെ.സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തില്‍ യുഡിഎഫിനെതിരെയുള്ള നീക്കങ്ങളും സിപിഎം ചര്‍ച്ച ചെയ്യും.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറഞ്ഞു.
പ്രിയ വര്‍ഗീസിന്റെ അധ്യാപന പരിചയവും ഡെപ്യൂട്ടേഷനും യോഗ്യതയായി കണക്കാക്കാന്‍ സാധിക്കില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് അടിസ്ഥാന യോഗ്യതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിസി നിയമം മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.