തൃശൂര്‍: സംസ്ഥാന സമ്മേളനത്തിനായി സിപിഎം ഒരുക്കങ്ങള്‍ ആരംഭിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൌണ്ടിന് ചുറ്റും സിപിഎം വാദ്യോത്സവമൊരുക്കി. ആയിരത്തോളം കലാകാരന്‍മാര്‍ വിവിധയിനങ്ങളിലായി ഒരു മണിക്കൂറാണ് സ്വരാജ് റൌണ്ടിന് ചുറ്റും മേളം തീര്‍ത്തത്. ഈ മാസം 22 മുതല്‍ 25 വരെയാണ് സിപിഐഎം സംസ്ഥാന സമ്മേളനം.

പത്മഭൂഷണ്‍ പി കെ നാരായണ നമ്പ്യാര്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍,അന്നമനട പരമേശ്വര മാരാര്‍, പെരിങ്ങോട് ചന്ദ്രന്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വാദ്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചവാദ്യം, മിഴാവ് മേളം, പാണ്ടിമേളം, ഉടുക്കു വാദ്യം, മരം, നേര്‍ച്ച കൊട്ട്, ശാസ്താം പാട്ട്, കരിങ്കാളി, കാളകളി, ബാന്റ്, ദഫ്മുട്ട്, അറവനമുട്ട്, നാസിക് ഡോള്‍, പഞ്ചാരി മേളം തുടങ്ങിയവ വാദ്യോത്സവത്തിന് താളം പകര്‍ന്നു.

കുട്ടികളുടെ മൃദംഗവാദനം , തബല വാദനം തുടങ്ങിയവയും സ്ത്രീകളുടെ ശിങ്കാരമേളവും സമ്മേളന പ്രചാരണത്തിന്റെ താളവുമായി നഗരത്തില്‍ താളമിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ