/indian-express-malayalam/media/media_files/uploads/2018/06/kodiyeri-balakrishnan-3.jpg)
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വിജയം സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം എല്‍ഡിഎഫിനുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് അരൂരിലെ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരൂരിലെ പരാജയത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ചരിത്ര വിജയമാണ് നേടിയത്. കോന്നിയിലും വിജയിക്കാന്‍ കഴിഞ്ഞത് വലിയ മുന്നേറ്റത്തിന് തെളിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യത്തിൽനിന്ന് കേരള രാഷ്ട്രീയത്തില്‍ മാറ്റം വന്നുവെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിജയം. ആര്‍എസ്എസിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. വിന്ധ്യ പര്‍വതത്തിന് ഇപ്പുറത്തേക്ക് ആര്‍എസ്എസ് ഭരണം സാധ്യമല്ലെന്ന് വീണ്ടും തെളിഞ്ഞു.
ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട മണ്ഡലങ്ങളാണ് കോന്നിയും വട്ടിയൂര്‍ക്കാവും. എന്നാല്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയത് മഞ്ചേശ്വരത്ത് മാത്രമാണ്. അരൂരില്‍ ബിജെപിയ്ക്ക് വോട്ട് കുറയുകയും ചെയ്തു. മഞ്ചേശ്വരത്തും എറണാകുളത്തും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചില്ല. ഫലം ജാതിമത ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.