ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും: എ. വിജയരാഘവന്‍

എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അനായാസമായി പ്രയാണം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം ഇന്ന് ബിജെപിയിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടമായിരിക്കുന്നുവെന്നും വിജയരാഘവൻ പരിഹസിച്ചു

A Vijayaraghavan, എ വിജയരാഘവൻ, A Vijayaraghavan Against Muslim league, എ വിജയരാഘവൻ മുസ്ലിം ലീഗ്, iemalayalam, ഐഇ മലയാളം

പാലക്കാട്: ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവൻ. നേതൃത്വത്തെ തന്നെ അനുയായികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പതിയെ പതിയെ ഇല്ലാതാകുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അനായാസമായി പ്രയാണം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം ഇന്ന് ബിജെപിയിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടമായിരിക്കുന്നുവെന്നും വിജയരാഘവൻ പരിഹസിച്ചു.

തെറ്റായ കാര്‍ഷിക നിലപാട് സ്വീകരിക്കാന്‍ ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നത് കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടാണെന്ന് എ.വിജയരാഘവൻ വിമർശിച്ചു. ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണകളിൽ നിന്ന് കോൺഗ്രസ് മാറി നിൽക്കണമെന്ന് രാഹുൽ ​ഗാന്ധി നിർദേശിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അവസരവാദ രാഷ്ട്രീയം, മൃദുഹിന്ദുത്വം, കേരളത്തില്‍ വന്നാല്‍ ബിജെപിയുമായും ജമാ അത്തെ ഇസ്‌ലാമിയുമായും സഖ്യം എന്ന നിലയില്‍ ഇപ്പോള്‍ തുടരുന്ന അവസരവാദ നിലപാടുതന്നെ ആയിരിക്കുമോ തിരഞ്ഞടുപ്പിലും സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ട്രാക്ടര്‍ റാലി നടത്തി. എന്നാല്‍ ബിജെപി കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് അവരുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്. തികഞ്ഞ അവസരവാദ നിലപാടാണ് കാര്‍ഷിക പ്രശ്‌നത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിന്റെ സത്യസന്ധതയാണ് കാണിക്കുന്നത്. സർക്കാരിന് ഒളിക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ ഉണ്ടാക്കി ഇടതുപക്ഷത്തെ തളർത്തുകയെന്ന ലക്ഷ്യം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സർക്കാരിന് ഒരു നിലപാട് ഉണ്ട്. അതിൽ മാറ്റമൊന്നുമില്ല. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ആണ് ചോദ്യം ചെയ്യപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm secretary a vijayaraghavan slams congress

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express