തിരുവനന്തപുരം: പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയുള്ള ബിജെപിയുടെ ആഹ്ളാദപ്രകടനത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയുള്ള ബിജെപിയുടെ പ്രകടനം കേരളത്തിന്റെ സംസ്‌കാരത്തിനു ചേരില്ലെന്ന് വിജയരാഘവൻ പറഞ്ഞു. മതനിരപേക്ഷ നിലപാടാണ് കേരളം എപ്പോഴും ഉയർത്തിപ്പിടിക്കുന്നത്. തീവ്ര വർഗീയവാദത്തിനു കേരളത്തിൽ ഇടമില്ല. നവോത്ഥാനമാണ് കേരളത്തിന്റെ അടിത്തറ. തിരുവനന്തപുരം കോർപറേഷനിൽ കൂടി ജയിച്ചെങ്കിൽ ബിജെപി അവിടെ എന്തെല്ലാം ചെയ്‌തേനെ എന്നും സിപിഎം ആക്ടിങ് സെക്രട്ടറി ചോദിച്ചു.

ബിജെപിയുടെ വളർച്ച യുഡിഎഫ് നേതൃത്വം ഗൗരവമായി കണ്ടില്ലെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. ബിജെപിയുടെ മുന്നേറ്റത്തിൽ യുഡിഎഫ് ആശങ്കപ്പെട്ടില്ല. നേതൃത്വത്തിന് ഗൗരവം കുറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസിന്റേത് ദയനീയ പ്രകടനമായിരുന്നു. പലയിടത്തും വളരെ കുറഞ്ഞ വോട്ടാണ് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയതെന്നും ഇത് ബിജെപിയെ സഹായിക്കുന്നതിനാണെന്നും വിജയരാഘവൻ ആരോപിച്ചു.

Read Also: കാർഷിക നിയമങ്ങൾ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയതല്ല; വീണ്ടും ന്യായീകരിച്ച് മോദി

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഡിസംബർ 22 ന് ആരംഭിക്കും. കൊല്ലത്താണ് കേരള പര്യടനത്തിനു ആരംഭം കുറിക്കുക. പിന്നീട് വിവിധ ജില്ലകളിൽ പര്യടനം നടക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് സിപിഎമ്മും എൽഡിഎഫും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷക സമരത്തിനു ഐക്യദാർഢ്യവുമായി എൽഡിഎഫ് ഐക്യദാർഢ്യസദസ് നടത്തും. ഡിസംബർ 23 ന് പാളയം രക്തസാക്ഷി മണ്ഡലത്തിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനും ഐക്യദാർഢ്യസദസിൽ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.