തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് വിജയരാഘവൻ. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്‌ലിങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാടിന് സമൂഹ താൽപര്യമുണ്ട്. കേരളത്തില്‍ മതമൗലികവാദം വളരാന്‍ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വര്‍ഗീയതയ്‌ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെതന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താൽപര്യം ലീഗിനുണ്ട്. കോണ്‍ഗ്രസ് അതിന് വിധേയമാകും. എന്നാല്‍ കേരളീയ സമൂഹം അതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യും,” വിജയരാഘവൻ പറഞ്ഞു.

Read Also: ഹാഥ്‌റസ് പീഡനക്കേസ്: പെൺകുട്ടിയുമായി പ്രതി സന്ദീപ് പ്രണയത്തിലായിരുന്നെന്ന് സിബിഐ

തദ്ദേശ തിരഞ്ഞെടുപ്പിൽ തികച്ചും അവസരവാദപരമായ രാഷ്ട്രീയമാണ് ലീഗ് സ്വീകരിച്ചത്. ബിജെപിയുമായും ലീഗ് സഖ്യം ചെയ്യുകയുണ്ടായി. കോൺഗ്രസും ഇതിന്റെ ഫലം പറ്റിയിട്ടുണ്ട്. ഇത്തരം വസ്‌തുതകളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പ്രസ്‌താവനകൾ ഈ വിഷമം കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസിനെ നിയന്ത്രിക്കുന്ന നിർണായക ശക്തിയായി ലീഗ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആരാേപിച്ചത് ഏറെ വിവാദമായിരുന്നു. പിണറായി വിജയൻ വർഗീയ കാർഡ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗും ആരോപിച്ചു. സാഹചര്യത്തിനനുസരിച്ച് മുഖ്യമന്ത്രി വർഗീയ കാർഡുകൾ മാറ്റി കളിക്കുന്നു. ചില സമയത്ത് ഭൂരിപക്ഷ വർഗീയ കാർഡും ചില സമയത്ത് ന്യൂനപക്ഷ വർഗീയ കാർഡും ഇറക്കുന്നു. മറ്റൊരു പാർട്ടിയുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. “സിപിഎം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അപ്രസക്തമെന്നത് കള്ളപ്രചാരണമാണ്. ബിജെപിയെ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വളരെ ചീപ്പായി പോയി. യുഡിഎഫിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടേണ്ട,” ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെ കുറിച്ച് തങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.