തിരുവനന്തപുരം: അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെതിരായ ജി. സുധാകരന്റെ പൂതന പരാമർശം എൽഡിഎഫിന് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. അരൂരിലെ തോൽവി ആലപ്പുഴ ജില്ല കമ്മിറ്റി അന്വേഷിക്കും. മഞ്ചേശ്വരത്ത് സ്ഥാനാർഥിയായിരുന്ന ശങ്കർ റായിയുടെ വിശ്വാസ നിലപാടുകൾ ന്യൂനപക്ഷങ്ങളെ എതിരാക്കി. അതേസമയം എറണാകുളത്ത് പാർട്ടി വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാർട്ടി വോട്ടുകൾ പോൾ ചെയ്തില്ലെന്നും പാർട്ടി സെക്രട്ടേറിയേറ്റ് വിമർശനം ഉന്നയിച്ചു.

Also Read: സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിച്ചതിനു പിന്നില്‍ തോല്‍പ്പിക്കണമെന്ന താല്‍പ്പര്യം: പി.സി.ജോര്‍ജ്

എൽഡിഎഫിന് അനുകൂലമായ സാഹചര്യം ഉരിത്തിരിഞ്ഞപ്പോഴും സിറ്റിങ് സീറ്റായ അരൂർ നഷ്ടമായത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പൂതന പരാമർശം സ്ത്രീകൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം വിലയിരുത്തുന്നു. എന്നാൽ പുതന പരാമർശം അരൂരിലെ തോൽവിക്ക് കാരണമല്ലെന്നായിരുന്നു ജി. സുധാകരന്റെ പ്രതികണം. തീരപ്രദേശങ്ങളിൽ നിന്നും വോട്ടുചോർച്ചയുണ്ടായി. അരൂരിലെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേല്‍ കെട്ടിവയ്ക്കാൻ ശ്രമിക്കേണ്ടതില്ല. പാർട്ടിക്കകത്തിരുന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ വാർത്തകൾ പരത്തുന്നു എന്നും സുധാകരൻ പറഞ്ഞു.

Also Read: സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും: എന്‍എസ്എസ്

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി.സുധാകരൻ പറഞ്ഞത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടതു എംഎല്‍എയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പിന്നീട് മന്ത്രി തന്നെ ഇത് തിരുത്തിയിരുന്നു. ഷാനിമോൾ ഉസ്മാൻ തനിക്കു സഹോദരിയെപ്പോലെയാണെന്നു മന്ത്രി ജി.സുധാകരൻ. ഷാനിമോളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.