മൂന്നാർ: പട്ടയഭൂമിയിലാണ് തന്റെ വീടെന്ന ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ 2000 മുതൽ 2003 വരെ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗമായ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗത്തിനുശേഷലാണ് ഭൂമിക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഇതിനു മുൻപ് പട്ടയഭൂമിക്ക് അപേക്ഷ നൽകണം. ഈ അപേക്ഷ കമ്മിറ്റി പരിശോധിച്ചശേഷമാണ് പട്ടയം നൽകാൻ തീരുമാനമെടുക്കുക. മൂന്നാർ ടൗണിനടുത്തുളള എട്ടു സെന്റ് ഭൂമിക്ക് തനിക്ക് പട്ടയം ലഭിച്ചിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രൻ പറഞ്ഞിരുന്നത്. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമാകുന്നത്. ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചേരാതെ എങ്ങനെ പട്ടയം ലഭിച്ചുവെന്നതാണ് ഇപ്പോഴത്തെ ചർച്ചയായിരിക്കുന്നത്.

രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് വീടു നിർമിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് എട്ടു സെന്റ് ഭൂമിയുണ്ടെന്നും പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ അവകാശവാദം. രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും അതു കയ്യേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ