scorecardresearch

വടക്കാഞ്ചേരി കോഴ വിവാദം തള്ളി സിപിഎം; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിനായി ലീഗ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജാഫർ മാസ്റ്റർക്ക് അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്

എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിനായി ലീഗ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജാഫർ മാസ്റ്റർക്ക് അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്

author-image
WebDesk
New Update
V D Satheesan Govindan Master

വിഡി സതീശൻ, എംവി ഗോവിന്ദൻ

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമ്പതു ലക്ഷം രൂപ നൽകി ആളെപ്പിടിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും അധികാരത്തിൽ വരാൻ അവിഹിതമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read:വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിൻ്റെ മറുപടി; അവിഹിതമാര്‍ഗത്തില്‍ പണം വാങ്ങിയെന്നു പറഞ്ഞാല്‍ സിപിഐ തിരിച്ചു നല്‍കും

ആരെയെങ്കിലും ചാക്കിട്ടുപിടിച്ച് പ്രസിഡന്റാക്കി ഭരണം കൈക്കലാക്കേണ്ട യാതൊരുവിധ ത്വരയും സിപിഎമ്മിനില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന തരത്തിലുള്ള കുതിരക്കച്ചവട പ്രവണത കേരളത്തിൽ ഇല്ലാത്തത് പാർട്ടി സ്വീകരിച്ച ഉറച്ച നിലപാട് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പാലിറ്റികളിലോ പഞ്ചായത്തുകളിലോ ബ്ലോക്ക് പഞ്ചായത്തുകളിലോ അധികാരം പിടിക്കാൻ ഇത്തരം രീതികൾ പിന്തുടരാറില്ല.

ആരോപണങ്ങൾ പലതും വെറുതെ പറയുന്നതാകാമെന്നും അങ്ങനെ പറഞ്ഞവരോട് തന്നെ അതിന്റെ ഉദ്ദേശ്യം ചോദിക്കണമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്നതുമാണ് പാർട്ടി നിലപാട്. മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Also Read:ശബരിമല സ്വർണക്കൊള്ള; കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കുതിരക്കച്ചവടം ഇല്ലെന്ന് പരസ്യമായി പറഞ്ഞിട്ടും കോൺഗ്രസുകാർ ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ച അനുഭവങ്ങൾ കേരളത്തിലുണ്ടെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. മറ്റത്തൂർ പഞ്ചായത്തിൽ ജയിച്ചുവന്ന മുഴുവൻ കോൺഗ്രസ് അംഗങ്ങളും ബിജെപിയിൽ ചേർന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജനങ്ങളോട് പരസ്യമായി കാര്യങ്ങൾ പറഞ്ഞുകൊണ്ട് സുതാര്യമായ നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരിയിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വൻ കോഴ വിവാദമാണ് ഉയർന്നിരിക്കുന്നത്. എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിനായി ലീഗ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജാഫർ മാസ്റ്റർക്ക് അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. കൂറുമാറാൻ തനിക്ക് പണം വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് ജാഫർ തന്നെ കോൺഗ്രസ് നേതാവിനോട് വെളിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നു.

താനൊരു സ്വതന്ത്ര സ്ഥാനാർഥിയാണെന്നും സിപിഎം അല്ലെന്നും ജാഫർ സംഭാഷണത്തിൽ പറയുന്നുണ്ട്. തനിക്കൊരു 'ഓപ്ഷൻ' ലഭിച്ചിട്ടുണ്ടെന്നും തന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആ ഓപ്ഷൻ ഉപയോഗപ്പെടുത്താനുള്ള അവസരം വന്നിരിക്കുകയാണെന്നും ഒന്നോ രണ്ടോ രൂപയല്ല അമ്പതു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.

കണ്ണ് മഞ്ഞളിക്കുന്ന തുകയാണിതെന്നും അതോടൊപ്പം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ലഭിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ മാത്രമേ പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളൂവെന്നും എന്നാൽ എൽഡിഎഫിനൊപ്പം പോയാൽ ഒന്നും അറിയേണ്ട, നേരെ പോയി കസേരയിൽ ഇരുന്നാൽ മതിയെന്നും ജാഫർ പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്.

Also Read:ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രതികരണം

ലീഗ് സ്വതന്ത്രനായി വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഡിവിഷനിൽ നിന്നും വിജയിച്ച ജാഫർ മണ്ഡലം പ്രസിഡന്റ് മുസ്തഫയോടാണ് ഫോണിൽ സംസാരിച്ചത്. താൻ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് രാജിവച്ച ശേഷം ജാഫർ പറഞ്ഞിരുന്നെങ്കിലും അത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് മുസ്തഫ പറയുന്നത്.

അമ്പതു ലക്ഷം രൂപയുടെ വാഗ്ദാനമുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജാഫർ പലരോടും പറഞ്ഞിട്ടുള്ളതിന്റെ തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു. ജാഫർ ഇങ്ങനെ പറഞ്ഞത് എന്തിനാണെന്നും സിപിഎം നേതാവ് എന്തിനാണ് ഇത്തരമൊരു വാഗ്ദാനം നൽകിയതെന്നും അവർ തെളിയിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ ആ കസേരയിൽ ഇരിക്കാൻ അവർക്ക് യോഗ്യതയില്ലെന്നും മുസ്തഫ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കക്ഷിനിലയിൽ തുല്യത വന്ന സാഹചര്യത്തിലാണ് ഭരണം പിടിക്കാൻ ഇരുവിഭാഗവും നീക്കം നടത്തിയത്. യുഡിഎഫിന്റെ ഏഴുപേരിൽ ഒരാളായ ലീഗ് സ്വതന്ത്രനെ ചാക്കിട്ടുപിടിച്ചാണ് എൽഡിഎഫ് ഭരണം നേടാൻ ശ്രമിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജാഫർ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹാജരാകാതിരിക്കുകയും ചെയ്തതോടെ രണ്ട് സ്ഥാനങ്ങളും എൽഡിഎഫിന് ലഭിച്ചു. പിന്നീട് കടുത്ത സമ്മർദത്തെ തുടർന്ന് ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും പണം നൽകി ഭരണം അട്ടിമറിച്ചെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമം, വിവാദങ്ങൾക്കിടെ താൻ യുഡിഎഫ് പ്രവർത്തകരോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കി ജാഫർ രംഗത്തെത്തി. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവ് കാരണമാണ് യുഡിഎഫിന് നറുക്കെടുപ്പിലൂടെയെങ്കിലും ലഭിക്കുമായിരുന്ന ഭരണം നഷ്ടപ്പെട്ടതെന്ന് അദ്ദേഹം സമ്മതിച്ചു.

സംഭവിച്ചത് ഒരു കൈപ്പിഴയാണെന്നും അല്ലാതെ സിപിഎമ്മുമായുള്ള അടുപ്പം കൊണ്ടോ ഇപ്പോഴത്തെ ബ്ലോക്ക് പ്രസിഡന്റ് കെ വി നഫീസയോടുള്ള താത്പര്യം കൊണ്ടോ ചെയ്തതല്ലെന്നും ജാഫർ വിശദീകരിച്ചു. താൻ ഒരിക്കലും സിപിഎമ്മുമായി ചേർന്നുനിൽക്കുന്ന ആളല്ലെന്നും യാതൊരുവിധ പ്രലോഭനങ്ങൾക്കും വഴങ്ങിയല്ല എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയഞ്ചു ലക്ഷമോ മുപ്പതു ലക്ഷമോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ജാഫർ കൂട്ടിച്ചേർത്തു.

Read More:ലാഭവിഹിതം കെഎസ്ആര്‍ടിസി നൽകണം; ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വി.വി.രാജേഷ്

Local Self Government Institutions

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: