തിരുവനന്തപുരം: ഒരാഴ്ചത്തെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ പാർട്ടി നേതാക്കള്‍ക്കു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടിക്കൊരുങ്ങി സിപിഎം. ഇതിനായി 18 മുതല്‍ 23 വരെ നേതൃയോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ കേരളത്തിലെ ഓരോ വീടിനും പാര്‍ട്ടിയോട് അടുപ്പം ഉണ്ടാക്കാനും രാഷ്ട്രീയമായി നിരീക്ഷിക്കാനും ചുമതലക്കാരനെ നിശ്ചയിച്ചിരുന്നു.
ആദ്യ മൂന്നുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള മൂന്നുദിവസം സംസ്ഥാന സമിതി യോഗവുമാണു ചേരുക. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഗൃഹസന്ദര്‍ശനത്തിലുണ്ടായ അനുഭവങ്ങളും ജില്ലാഘടകത്തിന്റെ റിപ്പോര്‍ട്ടും കണക്കിലെടുത്തുള്ള തിരുത്തല്‍ നടപടിയാകും സംസ്ഥാനസമിതി നടത്തുക.
ഗൃഹസന്ദര്‍ശനത്തിലെ വിവരങ്ങളുടെ ബ്രാഞ്ചുതല അന്വേഷണ റിപ്പോര്‍ട്ടിന് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും റിപ്പോര്‍ട്ടുകള്‍ അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കും. ഈ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമാണ് ജില്ലാഘടകം സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ടത്. 14 ജില്ലാ റിപ്പോര്‍ട്ടുകളും ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഇത് സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
ഓരോ പ്രദേശത്തെയും സ്ഥലപരിധിക്കുള്ളിലുള്ള വീടുകളുടെ ചുമതലക്കാരനെ വയ്ക്കാന്‍ ബ്രാഞ്ചുകളോടാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയത്. ഇത് പ്രകാരം ഓരോ ആഴ്ചയും ബ്രാഞ്ച് സെക്രട്ടറി വിവരങ്ങള്‍ ശേഖരിക്കണം. ചുമതലക്കാരെ നിയോഗിക്കാന്‍ ഏതെങ്കിലും ബ്രാഞ്ചിനു സാധിക്കുന്നില്ലെങ്കില്‍ വിശദാംശങ്ങള്‍ നേതൃത്വത്തിനു കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതല ലഭിക്കുന്ന പ്രവര്‍ത്തകന്‍ ബന്ധപ്പെട്ട വീടുകളിലെ സാഹചര്യങ്ങള്‍ മനസിലാക്കി സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കായി ഇവരാരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനു സഹായിക്കുകയും പരാതിയുണ്ടെങ്കില്‍ മേല്‍ക്കമ്മിറ്റിയെ അറിയിക്കുകയും വേണം.