തിരുവനന്തപുരം: ഇടതു മുന്നണി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം 14ഓടെ രൂപീകരിക്കും. 17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപീകരണം പൂര്‍ത്തിയാകുമെന്നും കോടിയേരി പറഞ്ഞു.

ആദ്യഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. എന്‍ഡിഎയ്ക്കും യുഡിഎഫിനും സ്ഥാനാര്‍ഥികളെപ്പോലും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് മുന്നണികളും ആശയക്കുഴപ്പത്തിലും അന്തര്‍ സംഘര്‍ഷത്തിലുമാണെന്നും കോടിയേരി പറഞ്ഞു.

അക്രമരാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും പഴികേൾക്കുകയും, സിബിഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിചേർക്കുകയും ചെയ്ത പി.ജയരാജനെ മത്സരിപ്പിക്കുന്നതിലെ ധാർമ്മികതയെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് കോടിയേരി ചെയ്തത്. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയ്ക്കാണു പി.ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ആർഎസ്എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റപ്പെട്ടതാണ്. ഓണനാളിലെ അക്രമത്തിൽ മൃതപ്രായനായ അദ്ദേഹത്തിനെ ആശുപത്രിയിലെത്തിച്ചു കൈ തുന്നിച്ചേർക്കുകയായിരുന്നു. തുന്നിച്ചേർത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.