കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം കോൺഗ്രസ് അധഃപതനത്തിന്റെ തെളിവ്: സിപിഎം

പിണറായി വിജയന്‍ നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു കൊടിക്കുന്നില്‍ പറഞ്ഞത്

CPM, Congress, Pinarayi vijayan

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരമാര്‍ശം കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്‌ നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ്‌ കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം. എംപി കൂടിയായ കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സൊണിയ ഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്‌ക്കുന്നുണ്ടോ എന്നും സിപിഎം ചോദിച്ചു.

ഇത്‌ കോണ്‍ഗ്രസ്‌ തുടങ്ങിയിട്ട്‌ കുറച്ചു കാലമായി. നയതന്ത്ര സ്വര്‍ണ്ണക്കടത്ത്‌ കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാല്‍, അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നില്ലെന്ന്‌ പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ്‌ പത്രസമ്മേളനം നടത്താത്തതെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്‌.

മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധപതനം കൂടിയാണ്‌ വ്യക്തമാകുന്നത്‌. കോണ്‍ഗ്രസിനകത്തുള്ള പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കാനാണ്‌ മുഖ്യമന്ത്രിക്ക്‌ നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്നതെങ്കില്‍ അതൊന്നും ഫലിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ ജനം നേരിട്ട്‌ കണ്ടുകൊണ്ടിരിക്കുകയാണ്‌. അത്‌ ആര്‍ക്കും മൂടി വയ്‌ക്കാനാവില്ലെന്നും സിപിഎം വ്യക്തമാക്കി,

നേതാക്കള്‍ക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള പാര്‍ടി തന്നെയാണ്‌ സിപിഎം. പക്ഷെ, ഞങ്ങളുടെ രീതി അതല്ല. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌ എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും പ്രസ്താവനയില്‍ സിപിഎം ഓര്‍മിപ്പിക്കുന്നു.

ഇന്നലെ എസ്‌സി, എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നില്‍ മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ശബരിമല വിഷയത്തിനു ശേഷം നവോത്ഥാന നായകനാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. അതാണ് നവോത്ഥാനം. ഈ നവോത്ഥാനം തട്ടിപ്പാണെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം.

Also Read: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm reaction on kodikkunnil sureshs remarks on cm pinarayi vijayan

Next Story
പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് വര്‍ധിപ്പിച്ചുPaliyekkara Toll Plaza
The moderation of comments is automated and not cleared manually by malayalam.indianexpress.com