ന്യൂഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറൊ യോഗം ഇന്ന് ആരംഭിക്കും. കേരളത്തിലെ ഉള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്ക് എത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പിബി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പിബി ചേരുന്നത്. ഇപിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണോ വേണ്ടയോ എന്നതില്‍ അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിക്ക് വിടാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനോട് കേന്ദ്ര കമ്മിറ്റി വിവരം തേടിയെന്നും സ്ഥിരികീരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പിബി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയോട് ഇപിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ തണുപ്പൊക്കെ എങ്ങനെയുണ്ടെന്നായിരുന്നു ഇന്നലെ നല്കിയ മറുപടി. സംഭവം പോളിറ്റ് ബ്യൂറൊ പരിശോധിക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകരോട് നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി സന്നദ്ധത അറിയിച്ചതായി സൂചനകള്‍ പുറത്തു വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. സാമ്പത്തിക ആരോപണത്തെ തുടർന്നാണ് ഈ നടപടിയെന്നും സൂചനയുണ്ട്. പാർട്ടി പദവികൾ ഒഴിയാനും സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.
പദവികളിൽ തുടരുന്നതിൽ തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് ഇ പി നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടായതിനാലാണിത്. ഇതിനു പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങളും ഉയര്‍ന്ന് വന്നത്.
ഇപി വിഷയം ആയുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും. ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അമ്പപ്പിക്കുന്നതാണെന്ന് പ്രതിപരക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കി. അനധികൃത സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നതെന്നും സതീശന് പറഞ്ഞു.