/indian-express-malayalam/media/media_files/uploads/2017/08/SRP.jpg)
ന്യൂഡൽഹി: നേതാക്കളുടെ മക്കൾക്ക് നൽകിയ പണം തിരിച്ചുകിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടി ഏൽക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്ആർപി. അത് പണം നൽകുന്നവർ തന്നെ നോക്കിക്കൊളളണമെന്നും എസ്.രാമചന്ദ്രൻ പിളള പറഞ്ഞു.
‘പാർട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞു മക്കളും കൊച്ചുമക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കിൽ അതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ല. അവർക്കു പണം നൽകുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം’, രാമചന്ദ്രൻ പിള്ള മനോരമയോടു പറഞ്ഞു.
അതേസമയം, പാർട്ടി നേതാക്കളുടെയും മക്കളുടെയും ബന്ധുമിത്രാദികളുടെയും അവിഹിത സ്വത്ത് സമ്പാദനം തടയാൻ പാർട്ടി ഇടപെടാറുണ്ടെന്നും എസ്.രാമചന്ദ്രൻ പിളള വ്യക്തമാക്കി.
2007 ൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് രാഖുൽ കൃഷണനും യുഎഇ പൗരനും ചേർന്ന് സ്ഥാപിച്ച ടൂറിസം കമ്പനിയുമായി ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക ഇടപാടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഔഡി കാർ വാങ്ങാൻ 53 ലക്ഷവും ബിസിനസ് ആവശ്യത്തിന് 7.7 കോടിയുമാണ് ബിനോയ് കോടിയേരി വാങ്ങിയത്. പിന്നീട് ഇത് തവണകളായി അടക്കാമെന്ന വാഗ്‌ദാനം തെറ്റിയതോടെ പലിശയടക്കം 13 കോടിയായി മാറി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കോടിയേരി അധികാരം ദുരുപയോഗം ചെയ്തെന്ന് ഇതുവരെ ആരും ആരോപിച്ചിട്ടില്ലെന്ന് എസ്.രാമചന്ദ്രൻ പിളള ചൂണ്ടിക്കാട്ടി. പാർട്ടിയും ഇക്കാര്യത്തിൽ യാതൊന്നും വഴിവിട്ട് ചെയ്തിട്ടില്ല. കേസിൽ പാർട്ടി കക്ഷിയല്ലാത്തത് കൊണ്ടാണ് ഇടപെടില്ലെന്ന് പറഞ്ഞതെന്നും എസ്.രാമചന്ദ്രൻ പിളള വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.