ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന പുനപരിശോധന സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. വിഷയത്തില്‍ നിയമോപദേശം തേടണമെന്നാണ് പോളിറ്റ് ബ്യൂറോയിലെ പൊതുവികാരം. സംസ്ഥാന സര്‍ക്കാര്‍ വിധിയില്‍ കോടതിയില്‍ നിന്നും വ്യക്തത തേടണമെന്നും പിബി.

അതേസമയം ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി അതില്‍ നിന്നും പിന്നോട്ടില്ലെന്നും പോളിറ്റ് ബ്യൂറോ. ലിംഗസമത്വം ഉയര്‍ത്തി പിടിക്കുന്ന നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും പിബി. നാളെ ഇത് സംബന്ധിച്ച വിശദമായ പത്ര പ്രസ്താവന ഇറക്കുന്നതായിരിക്കും.

നേരത്തെ, ശബരിമല വിഷയത്തില്‍ ലിംഗസമത്വം എന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. അതത് കാലങ്ങളിലുണ്ടാകുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാര്‍ടി നിലപാട്. എന്നാല്‍, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍ഡിഎഫ്. സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.