തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു പകരമായി സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാകും. എ എന്‍ ഷംസീറിനെ സ്പീക്കറായും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
എം വി ഗോവിന്ദനു മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു തീരുമാനിച്ചതായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരില്‍ രാജിവച്ച സജി ചെറിയാനു പകരം മന്ത്രിയെ തീരുമാനിച്ചില്ല.
സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നീ മന്ത്രിമാര്‍ക്കായി വിഭജിച്ചിരുന്നു.
ഏതാണ്ട് 15 മാസത്തിനുശേഷമാണ് എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനത്തുനിന്നു പുതിയ പദവിയിലേക്കു മാറുന്നത്. അന്‍പത്തിയൊന്നുകാരനായ രാജേഷ് സി പി എം സംസ്ഥാന സമിതി അംഗമാണ്. എസ് എഫ് ഐയിലൂടെയാണു രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഡി വൈ എഫ് ഐ മുഖപത്രമായ ‘യുവധാര’യുടെ എഡിറ്ററായിരുന്നു.
ഇപ്പോള്‍ 2009ലും 2014ലും പാലക്കാട് മണ്ഡലത്തില്‍നിന്നു ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് 2019ല്‍ യു ഡി എഫ് തരംഗത്തില്‍ വി കെ ശ്രീകണ്ഠനോട് പരാജയം രുചിച്ചു. 2021ല്‍ തൃത്താല മണ്ഡലത്തില്‍ വി ടി ബല്‍റാമിനെ അട്ടിമറിച്ചാണു നിയമസഭയിലെത്തിയത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദവും നിയമത്തില്‍ ബിരുദവുമുള്ള രാജേഷ്, സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം കെ രമണിയുടെയും മകനാണ്. കാലടി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നിനിത കണിച്ചേരിയാണു ഭാര്യ. മക്കള്‍: നിരഞ്ജന, പ്രിയദത്ത (ഇരുവരും വിദ്യാര്‍ഥികള്‍).
സി പി എം സംസ്ഥാന സമിതി അംഗമാണ് നാല്‍പ്പത്തിയഞ്ചുകാരനായ എ എന്‍ ഷംസീര്‍. തലശേരിയില്‍നിന്ന് രണ്ടാം തവണയും നിയമസഭയിലെത്തിയ ഷംസീര്‍, എസ് എഫ് ഐയിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ ചെയര്‍മാനായിരുന്നു.
നരവംശ ശാസ്ത്രത്തിലും നിയമത്തിലും ബിരുദാന്തര ബിരുദമുള്ള ഷംസീര്‍ തലശേരി പാറാല്‍ ആമിനാസില്‍ റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി എം സഹല. മകന്‍: ഇസാന്‍.