കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരായ യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ സിപിഎം പ്രമേയം. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. താഹ ഫസലിനെയും അലൻ ഷുഹൈബിനെയും അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയായി പോയെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. പന്തീരാങ്കാവിൽ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താൻ സാധിക്കുന്ന കുറ്റമല്ലെന്നും പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസൻ, സി.പി മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏരിയ കമ്മിറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കിയത്.
Also Read: ഭരണകൂട ഭീകരതയെന്ന് അലനും താഹയും, സിപിഎം പ്രവര്‍ത്തകര്‍ റിമാൻഡിൽ
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി നടപടിക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഇതിലൂടെ സിപിഎം.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പ്രതിഷേധം അറിയിച്ചിരുന്നു. കേസെടുത്ത നടപടി പുനപരിശോദിക്കണമെന്ന് എം.എ.ബേബി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ലെന്നും പക്ഷെ കേരളത്തിലെ ചില പൊലീസുകാര്‍ക്ക് അത് മനസിലായിട്ടില്ലെന്നും ബേബി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: യുഎപിഎ കരിനിയമം, കേസ് പുനഃപരിശോധിക്കണം: എം.എ.ബേബി
നേരത്തെ, തങ്ങള്‍ക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തങ്ങളുടെ പക്കല്‍ നിന്നും ലഘുലേഖകള്‍ കണ്ടെത്തിയിട്ടില്ലെന്നും ചുമത്തിയത് കള്ളക്കേസാണെന്നും ഇരുവരും പറഞ്ഞു.
അതേസമയം, ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. രണ്ടാഴ്ചത്തേയ്ക്കാണ് അലനേയും താഹയേയും കോടതി റിമാന്‍ഡ് ചെയ്തത്. സിപിഎം തിരുവണ്ണൂര്‍ മിനി ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അലന് ഷുഹൈബ്. പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താഹ ഫസല്‍. യുഎപിഎ 20,38, 39 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.