തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെതിരെ പരാതി. ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി.ജയരാജന് ബന്ധമുണ്ടെന്നും ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നുമാണ് പരാതികളിലെ പ്രധാന ആവശ്യം.
പി.ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും ലഭിച്ച പരാതികളിലുണ്ട്. വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയിലുള്ളത്. പല സ്ഥലങ്ങളിൽനിന്നുള്ള പാർട്ടി പ്രവർത്തകരാണ് പി.ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജരാജനെതിരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന് സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന് കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം.
സാമ്പത്തിക ആരോപണത്തെ തുടർന്ന് എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. സാമ്പത്തിക ആരോപണത്തെ തുടർന്നാണ് ഈ നടപടിയെന്നും സൂചനയുണ്ട്. പാർട്ടി പദവികൾ ഒഴിയാനും സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്.