കാഞ്ഞങ്ങാട്: വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന മുന്നറിയിപ്പുമായി പി.ജയരാജൻ. വ്യക്തിതാൽപര്യം പാർട്ടി താൽപര്യത്തിന് കീഴ്പ്പെടണം. ഇത് ഓരോ പാർട്ടി അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയാണ്. പാർട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ അംഗവും സ്വീകരിക്കേണ്ടതെന്ന് കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ ജയരാജൻ പറഞ്ഞു.
സമൂഹത്തിലെ ജീർണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ആ മതനിരപക്ഷേതയുടെ സ്വത്വം ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവരാണ് സിപിഎം പ്രവര്‍ത്തകന്‍മാര്‍. അതില്‍ വ്യതിചലനമുണ്ടെങ്കില്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കും. തിരുത്താൻ ആവശ്യപ്പെടും. എന്നിട്ടും തിരുത്താത്തവർക്ക് സിപിഎമ്മിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ അത് തകരുകയല്ല ചെയ്യുക. പാർട്ടിയെ ശക്തമാക്കുകയേ ഉള്ളൂ. ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ഇ.പി.ജയരാജനെതിരായ തന്റെ ആരോപണം ഉയർത്തി സിപിഎമ്മില്‍ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജരാജനെതിരെ സംസ്ഥാന സമിതി അംഗം പി.ജയരാജനാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്.