കണ്ണൂര്‍: അപകടകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു എഐസിസി അംഗം കെ വി തോമസ്. കോണ്‍ഗ്രസും മറ്റു പ്രസ്ഥാനങ്ങളും കൈകോര്‍ത്തില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു തോമസ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാര്‍പോലുള്ള പരിപാടികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നത്. വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ഇവിടെ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുമെന്ന് സഹപ്രവര്‍ത്തകര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച മാനസിക സമ്മര്‍ദമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള സൗഹൃദം ഓര്‍മിപ്പിച്ച തോമസ്, പ്രസംഗം കേള്‍ക്കാനായി നെഹ്‌റു പാര്‍ലമെന്റിലേക്കു ഓടിയെത്തുമായിരുന്നെന്നു ചൂണ്ടിക്കാട്ടി. ഒരുമിച്ചുനിന്നാണു വികസനം നടപ്പാക്കേണ്ടത്. സില്‍വര്‍ലൈനില്‍ പ്രശ്‌നം ഉണ്ടെങ്കില്‍ പരിഹരിക്കണം. അല്ലാതെ പിണറായി വിജയന്‍ പദ്ധതി കൊണ്ടുവരുന്നതിനാല്‍ മാത്രം എതിര്‍ക്കുന്നതിനെ അംഗീകരിക്കാനാകില്ല.
പിണറായി വിജയന്‍ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ്. പിണറായിയെ എതിര്‍ക്കാന്‍ സില്‍വര്‍ലൈനിനെ എതിര്‍ക്കരുത്. വികസന പദ്ധതികളെ താന്‍ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോയെന്ന് നോക്കാറില്ല. വികസനത്തില്‍ രാഷ്ട്രീയമില്ല. വികസനം വരുമ്പോള്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും നടപ്പായത്. നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും. വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് എന്താണ് തെറ്റ്? കോവിഡിനെ കേരളം മാതൃകാപരമായി നേരിട്ടു. ഈ സര്‍ക്കാര്‍ കേരളത്തെ നിക്ഷേപ സൗഹൃദമാക്കി.
പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ട് ഒരു ഗുണവും ലഭിച്ചില്ല. ഏഴു പ്രാവശ്യം രാജ്യത്തു നോട്ട് റദ്ദാക്കിയിട്ടുണ്ടെങ്കിലും നരേന്ദ്ര മോദിയെപ്പോലെ ആരും അര്‍ധരാത്രിയില്‍ റദ്ദാക്കിയിട്ടില്ല. മുഖ്യമന്ത്രിമാരുമായി ഈ വിഷയം സംസാരിച്ചില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു അദ്ദേഹം പറഞ്ഞു.

‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന സെമിനാര്‍ വേദിയിലേക്കു വന്‍ കരഘോഷത്തോടെയാണു കെ വി തോമസിനെ സിപിഎം പ്രവര്‍ത്തകര്‍ വരവേറ്റത്. പല കോണ്‍ഗ്രസ് നേതാക്കളും സെമിനാറില്‍ പങ്കെടുക്കാന്‍ മടി കാണിച്ചപ്പോള്‍ കെ വി തോമസ് കാണിച്ചത് ധീരതയെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കെ സുധാകരന്റേതു ഊരു വിലക്കാണെന്നും കോണ്‍ഗ്രസുകാര്‍ പോലും സുധാകരനെ വെറുക്കുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെ വി തോമസ് പ്രസംഗം ആരംഭിച്ചത്.
കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല: പിണറായി വിജയൻ
മൂക്കു ചെത്തുമെന്ന ഭീഷണി വകവയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനു നാളെയും വലുതായൊന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
”കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് കെ വി തോമസിനെ ക്ഷണിച്ചത്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നു. സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കുചെത്തിക്കളയുമെന്നാണ് ചിലര്‍ പറഞ്ഞത്. ഒരു ചുക്കും സംഭവിക്കില്ലെന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ടായിരുന്നു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളെയും വലുതൊന്നും സംഭവിക്കാനില്ല,” മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക ഭാഷകളെ തകര്‍ക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമമെന്നും ഭാഷയെ തകര്‍ത്താല്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കി രാജ്യത്തെ ഏകശിലാരൂപത്തിലേക്കു മാറ്റാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ അടിസ്ഥാനം തന്നെ ഇത്തരം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയെന്നതാണ്. നീണ്ട കാലത്തെ പോരാട്ടങ്ങള്‍ക്കു ശേഷമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം തന്നെ രൂപം കൊണ്ടത്. വൈവിധ്യങ്ങളെയും ഫെഡറല്‍ സംവിധാനങ്ങളെയും അംഗീകരിക്കാതിരിക്കുകയെ ന്നതാണ് സംഘപരിവാറിന്റെ അജന്‍ഡ.
ഓരോ ജനതയുടെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനം ഭാഷയാണ്. ഭാഷയെ തകര്‍ക്കാമെന്നും ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കാമെന്നും അതുവഴി രാജ്യത്തെ ഏകശിലാ രൂപത്തിലേക്കു മാറ്റിയെടുക്കാമെന്നുമാണ് സംഘപരിവാര്‍ കരുതുന്നത്. ഇത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ശ്രമം നാനാത്വം അട്ടിമറിക്കൽ: സ്റ്റാലിൻ
നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. എല്ലാം ഒന്നു മതിയെന്ന നിലപാട് ഒരാളിലും ഒരു പാര്‍ട്ടിയിലും ഒരു മതത്തിലുമെത്തി നില്‍ക്കുന്ന സാഹചര്യമുണ്ടാക്കും. നാനാത്വത്തില്‍ ഏകത്വത്തിനുവേണ്ടിയാണു ഭരണഘടനാ ശില്‍പ്പികള്‍ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളെ സംരക്ഷിച്ചാലേ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ. കൂടുതല്‍ അധികാരം ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. രാഷ്ട്രീയം മാറ്റിനിര്‍ത്തി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടണം. അത്തരം കൂട്ടായ്മയിലൂടെ മാത്രമേ മതേതരത്വവും സാമൂഹിക നീതിയും നടപ്പാകൂയെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്‍ സെമിനാര്‍ വേദിയിലെത്തിയപ്പോള്‍ വന്‍ കയ്യടിയോടെയാണു പ്രവര്‍ത്തകര്‍ വരവേറ്റത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയായ പിണറായി വിജയന്‍, മതേതരത്വത്തിന്റെ മുഖമാണെന്നം ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയാണെന്നും പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധത്തിനു പേര് തന്നെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ സ്റ്റാലിനെ മന്ത്രി എംവി ഗോവിന്ദന്‍, എംവി ജയരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സെമിനാറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Also Read: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി മാവോയിസ്റ്റ് കൾട്ട് നേതാവ് ജയിലില്‍ മരിച്ചു