കൊച്ചി: ഇരുപത്തി മൂന്നാം സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കും. കൊച്ചിയിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.വി തോമസ് തീരുമാനം അറിയിച്ചത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും സ്വീകരിച്ചിരുന്ന നിലപാട്. ഇതിനെ തള്ളി കൊണ്ടാണ് കെ.വി തോമസിന്റെ തീരുമാനം. താൻ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്നും തന്നെ പുറത്താക്കാനുള്ള അധികാരം എഐസിസിക്ക് മാത്രമാണെന്നും കെ.വി തോമസ് വ്യക്തമാക്കി.
സിപിഎം സെമിനാർ ദേശീയ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ യെച്ചൂരിയുമായി ദില്ലിയിൽ വച്ച്സംസാരിച്ചിരുന്നു. സെക്കുലറിസം നേരിടുന്ന വെല്ലുവിളികൾ. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കാനാണ് സെമിനാറിലേക്ക് വിളിച്ചത്. സെമിനാറിന് പോകുന്നത് സംബന്ധിച്ച് സോണിയ ഗാന്ധിയെയും താരീഖ് അൻവറിനെയും അറിയിച്ചിരുന്നു. പങ്കെടുക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു.
പാർട്ടിക്ക് നൽകിയ സംഭാവനകളും കെ.വി തോമസ് എണ്ണി പറഞ്ഞു. പാർട്ടിയിൽ പൊട്ടിമുളച്ചതല്ല, ജന്മം കൊണ്ട് പ്രവർത്തകനായതാണ്. എന്നും പാർട്ടിക്ക് ഒപ്പം നിന്നതാണ്. കോൺഗ്രസിൽ അച്ചടക്കത്തോടെ നിന്നയാളാണ്. ഒരിക്കലും പാർട്ടിക്ക് എതിരായി നിന്നിട്ടില്ല. സെമിനാറിന്റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയാണ് ഉയർത്തിയത്, കെ.വി തോമസ് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്തുപോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മുന്നറിയിപ്പും നൽകിയിരുന്നു. അതിനെയെല്ലാം തള്ളി കൊണ്ടാണ് തോമസിന്റെ തീരുമാനം.
അതേസമയം, സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാലും വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു. സിപിഎമ്മുമായി സഹകരിക്കുന്നവർക്ക് അർഹമായ പരിഗണന നല്കിയിട്ടുള്ളതാണ് പാർട്ടിയുടെ ചരിത്രമെന്നും കെ.വി തോമസിന് ദുഃഖിക്കേണ്ടി വരില്ലെന്നും പോളിറ്റ് ബ്യുറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ.വി തോമസ് നേരത്തെ പറഞ്ഞത്. “2024 ല്‍ ദേശിയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മഹാസഖ്യം ഉണ്ടാകേണ്ടതുണ്ട്. സിപിഎമ്മിന്റെ പിന്തുണയും അതിന് അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് എന്നെ വിളിച്ചിരിക്കുന്നത്. വിഷയത്തെപ്പറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് എന്നെ ക്ഷണിച്ചിരിക്കുന്നത്,” കെ. വി. തോമസ് പറഞ്ഞിരുന്നു.
Also Read: കെ. വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്: കെ. സുധാകരന്‍