ന്യൂഡൽഹി: കേരളത്തിലെ ബിജെപി അക്രമങ്ങളെ തുറന്നുകാട്ടാനും സിപിഎമ്മിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനുമായി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തി. ഇന്ന് രാവിലെ 11 മണിക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.

രാജ്യവ്യാപകമായാണ് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്. എല്ലാ സംസ്ഥാനത്തും ബിജെപിയുടെ ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചാണ് സിപിഎം മാർച്ച് നടത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ്ആർപി, പ്രകാശ് കാരാട്ട് തുടങ്ങിയവരും സംബന്ധിച്ചു.

തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. “ന്യൂനപക്ഷങ്ങളെ ആക്രമിച്ച ഇല്ലാതാക്കുന്ന ആർഎസ്എസ് നയമാണ് മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നതെ”ന്ന് കോടിയേരി കൂറ്റപ്പെടുത്തി.

കണ്ണൂരിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനാണ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. പി.ജയരാജൻ, പി.കെ.ശ്രീമതി എംപി, എ.എൻ.ഷംസീർ എംഎൽഎ തുടങ്ങി പ്രമുഖ നേതാക്കൾ പ്രതിഷേധത്തിൽ അണിനിരന്നു. രാജ്യത്ത് പിടിമുറുക്കാനുള്ള പ്രധാന തടസം കോണ്‍ഗ്രസ് അല്ല സിപിഎം ആണെന്ന് ആർഎസ്എസ് തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് പി.ജയരാജൻ പറഞ്ഞു. ആർഎസ്എസിന്‍റെ പൊള്ളത്തരം രാജ്യവ്യാപകമായി തുറന്നുകാട്ടും. കേരളത്തെ ആക്ഷേപിക്കാനാണ് ആർഎസ്എസ് ദേശീയ തലത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെയും മലയാളികളെയും ശത്രുവായി പ്രഖ്യാപിച്ചാണ് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ ജനരക്ഷാ യാത്ര നടത്തുന്നതെന്നും പി.ജയരാജൻ കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ