തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മേയര്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാ പരിശോധനയും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ ആരെയെങ്കിലും തിരുകിക്കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ ഇത്തരത്തില്‍ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിക്കകത്ത് ഇല്ല. കത്തില്‍ പരാമര്‍ശിച്ച 295 നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് വി.സിമാരെ തിരുകിക്കയറ്റാനും ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ക്കാനും ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നീക്കങ്ങള്‍ക്കെതിരെ ഏതറ്റം വരെയും പോകും അദ്ദേഹം പറഞ്ഞു.കേരള സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്നകാര്യത്തില്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി നിയമപരമായും ഭരണഘടനാപരമായും എങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.
കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. എന്നാല്‍, മുസ്ലിം ലീഗും ആര്.എസ്.പിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും രാജ്ഭവന് മാര്‍ച്ചില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.