തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. കക്ഷി നേതാക്കളുമായി തദ്ദേശസ്വയം ഭരണമന്ത്രി എംബി രാജേഷ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കത്ത് വിവാദത്തില്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍.അനില്‍ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സിപിഎം അറിയിച്ചു.
ഡി.ആര്‍.അനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയര്‍ക്കെതിരെ അന്വേഷണം തുടരുമെന്നും തദ്ദേശ മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഇതോടെ, കോര്‍പറേഷനു മുന്നിലെ സമരങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കി. മേയര്‍ രാജിവെക്കണമെന്നതായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് കേസുകള്‍ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. ഒന്നില്‍ വിധി വന്നു. മറ്റൊന്ന് കോടതിയുടെ മുന്‍പിലാണ് അത് കോടതിയുടെ തീര്‍പ്പിന് വിടുകയാണെന്ന് എംബി രാജേഷ് പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നിരുന്നു. കത്ത് എഴുതിയത് അദ്ദേഹമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ധാരണയായെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം, കത്ത് വിവാദത്തില്‍ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്തിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.