മൂന്നാർ: ആരും ജനിച്ചപ്പോൾ പട്ടയവും കൊണ്ടുവന്നവരല്ലെന്ന് സി പിഎമ്മിന്റെ ദേവികുളം എം എൽ എയായ എസ്. രാജേന്ദ്രൻ. മൂന്നാറിലെ രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം വ്യാജമാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭാ ചോദ്യോത്തിന് മറുപടി നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരന്നു എം എൽ എ. പി സി ജോർജിന്റെ ചോദ്യത്തിനുളള മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം പറഞ്ഞത്.

തന്റെ കൈവശമുളള പട്ടയം വ്യാജമാണെന്ന് പറഞ്ഞതിന് പിന്നിൽ കാര്യങ്ങൾ പഠിക്കാതെ, വിവരങ്ങൾ മറച്ചുവച്ച് ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട് സംഭവിച്ചതാണെന്ന് രാജേന്ദ്രൻ ആരോപിച്ചു. മൂന്ന് തഹസിൽദാർമാർ പരിശോധന നടത്തി, അസൈൻമെന്റ് കമ്മിറ്റി അംഗീകരിക്കുകയും അതിന് ശേഷം തറവില ട്രഷറിയിൽ അടച്ചതിനെ തുടർന്ന് സർക്കാർ നൽകിയ പട്ടയമാണ് തന്റേതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“സർക്കാർ നൽകിയപട്ടയ ഫയൽ കാണാനില്ല എന്ന പേരിലാണ് പട്ടയം വ്യാജമെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കേസ് ഹൈകോടതിയിൽ നിലനിൽക്കുമ്പോൾ , മന്ത്രി നിയമസഭയിൽ ഇങ്ങനെ പറഞ്ഞത്, ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ്. വീടിരിക്കുന്ന ഭൂമി സർക്കാർ സ്ഥലമല്ല, പുറമ്പോക്കൂഭൂമിയാണിത്.  നിയമസഭയിലെ മറുപടിക്ക് പിന്നിൽ മന്ത്രിയെ  ഇഷ്ടമില്ലാത്ത ചിലരാണ് പ്രവർത്തിച്ചിട്ടുളളത്. മൂന്നു തവണ എം.എൽ.എ ആയിട്ടുപോലും ആരെയെങ്കിലും സ്വാധീനിച്ചു കാര്യങ്ങൾ നേടാൻ പോയിട്ടില്ല” എന്ന് എം എൽ​​ എ​ പറഞ്ഞു

“ഭൂമിക്ക് പട്ടയമില്ലെങ്കിലും, അവിടെ തന്നെ ജീവിക്കും. വിവാദങ്ങൾ ഉണ്ടാക്കുന്നവർ ഉൾപ്പെടെയുള്ള ആരും ജനിച്ചപ്പോൾ പട്ടയം കൊണ്ടല്ല വന്നത്. മൂന്നാറിലും പരിസരങ്ങളിലുമുള്ള വൻകിട കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമി രക്ഷിക്കാനുള്ള ഗൂഢനീക്കമാണ് ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ലാൻഡ് ബോർഡ് അവാർഡ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും” രാജേന്ദ്രൻ ആവശ്യപ്പെട്ടു. പി സി ജോർജിന് വേറെ പണിയൊന്നുമില്ലാത്തുകൊണ്ടാണ് ​ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചതെന്നും എം എൽ​എ​ പരിഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ