തൃശൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് സിറ്റിംഗ് എംപിയായ ഇന്നസെന്റിനെ വീണ്ടും പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ശക്തം. ചാലക്കുടി പാര്‍ലമെന്ററി കമ്മിറ്റിയാണ് ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ത്ഥിക്കുന്നതില്‍ ആശങ്ക അറിയിച്ചത്. ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് പാര്‍ലമെന്ററി കമ്മിറ്റി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിക്ക് വിട്ടു.
ചാലക്കുടിയില്‍ ഇന്നസെന്റിന് പകരം പി. രാജീവിനെയോ സാജു പോളിനെയോ പരിഗണിക്കണമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദേശം. സംസ്ഥാന സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായാണ് 2104 ല്‍ ഇന്നസെന്റ് ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ പി.സി ചാക്കോയായിരുന്നു ചാലക്കുടിയില്‍ ഇന്നസെന്റിന്റെ മുഖ്യ എതിരാളി.
അതേസമയം വടകരയില്‍ പി.ജയരാജനും പത്തനംതിട്ടയില്‍ വീണ ജോര്‍ജും മത്സരിക്കും. വടകരയില്‍ പല പേരുകളും ഉയര്‍ന്നു വന്നിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രഥമ പരിഗണന പി.ജയരാജനാണെന്ന് പാര്‍ലമെന്ററി മണ്ഡലം കമ്മിറ്റിയില്‍ ടി.പി രാമകൃഷണ്ന്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിങ് എംപിമാരെ ആറുപേരെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തിലും മാറ്റമില്ല.