Latest News

പൊന്നാനിയില്‍ ആര്?; ഗ്ലാമര്‍ പോരാട്ടങ്ങള്‍ക്കൊരുങ്ങി സിപിഎം

ഇടത് മുന്നണിയില്‍ നിന്ന് സിപിഐ ആണ് ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആകെയുള്ള 20 സീറ്റുകളില്‍ നാലിടത്തും സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശേഷിക്കുന്ന 16 ഇടങ്ങളിലും സിപിഎം തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക

cpm, rajasthan, election result, സിപിഎം, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, assembly election results, assembly election 2018, assembly elections counting, assembly election result 2018, assembly election result, assembly election result of chhattisgarh 2018, assembly election results of rajasthan 2018, assembly election results live update, election result live, telangana assembly election result 2018, madhya pradesh assembly election result, mizoram assembly election result

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സുസജ്ജമായിരിക്കുകയാണ് കേരളത്തില്‍ സിപിഎം. ശബരിമല വിഷയം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയിട്ടില്ലെന്ന് തെളിയിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മത്സരരംഗത്തേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരുന്നതും ഈ ലക്ഷ്യം മുന്നില്‍കണ്ടാണ്. ഇന്നാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

സിപിഎം എംഎല്‍എമാരെ പോലും മത്സരരംഗത്തേക്ക് കൊണ്ടുവരുന്നത് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കിയാണ്. ഇടത് മുന്നണിയില്‍ നിന്ന് സിപിഐ ആണ് ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആകെയുള്ള 20 സീറ്റുകളില്‍ നാലിടത്തും സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശേഷിക്കുന്ന 16 മണ്ഡലങ്ങളിലേക്ക് ആര് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഏകദേശം ധാരണയായിരിക്കുന്നു. 16 ഇടങ്ങളിലും സിപിഎം തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. മറ്റ് ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടെങ്കിലും ആരും അത് പരസ്യമാക്കിയിട്ടില്ല.

പൊന്നാനി മണ്ഡലത്തില്‍ ആര് മത്സരിക്കും എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പൊന്നാനിയെ കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വര്‍ എംഎല്‍എയുടെ പേരാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നുകേട്ടത്. വി.അബ്ദുറഹ്മാന്‍, റിയാസ് പുളിക്കലത്ത് എന്നിവരുടെ പേരുകളും പ്രാദേശിക നേതൃത്വം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, പി.വി.അന്‍വറിനാണ് സാധ്യത കൂടുതല്‍. ലീഗിന്റെ മണ്ഡലത്തില്‍ വിജയസാധ്യതയില്ലെങ്കിലും പരമാവധി വോട്ടുകള്‍ സ്വന്തമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

ചാലക്കുടി സീറ്റില്‍ സിറ്റിങ് എംപി ഇന്നസെന്റ് തന്നെയായിരിക്കും ജനവിധി തേടുക. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയില്‍ ഇന്നസെന്റിനെതിരെ വികാരമുയര്‍ന്നെങ്കിലും ഒരു തവണ കൂടി അവസരം നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇടത് സ്വതന്ത്രനായി തന്നെയായിരിക്കും ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കുക. അതേസമയം, എറണാകുളത്ത് പി.രാജീവിന്റെ പേരിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലത്തില്‍ രാജീവിന് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ പി.രാജീവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് സിപിഎം പുലര്‍ത്തുന്നത്.

സിപിഎം – കോണ്‍ഗ്രസ് ഗ്ലാമര്‍ പോരാട്ടം നടക്കുമെന്ന് ഏകദേശം ഉറപ്പായ മണ്ഡലമാണ് ആലപ്പുഴ. എഐസിസി ജനറല്‍ സെക്രട്ടറിയും സിറ്റിങ് എംപിയുമായ കെ.സി.വേണുഗോപാലിനെതിരെ സിപിഎം കൊണ്ടുവന്നിരിക്കുന്നത് അരൂര്‍ എംഎല്‍എ എ.എം.ആരിഫിനെയാണ്. വേണുഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ആരിഫിന് കഴിയുമെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന സീറ്റ് തിരിച്ചുപിടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

ആലപ്പുഴ കഴിഞ്ഞാല്‍ സിപിഎം – കോണ്‍ഗ്രസ് പോരാട്ടം കനക്കുമെന്ന് രാഷ്ട്രീയ വിലയിരുത്തലുള്ള മണ്ഡലമാണ് വടകര. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് സിറ്റിങ് എംപി. ഇത്തവണ മത്സരരംഗത്ത് മുല്ലപ്പള്ളിയുണ്ടാകില്ല. കോണ്‍ഗ്രസ് ആരെയായിരിക്കും സ്ഥാനാര്‍ത്ഥിയാക്കുക എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍, സിപിഎം ഒരു മുഴം മുന്‍പേ കളംപിടിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയാണ് സിപിഎം വടകര പിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ പി.ജയരാജനെ പോലൊരു നേതാവിനെ സിപിഎം കളത്തിലിറക്കുമ്പോള്‍ അത് ശക്തമായ പോരാട്ടമാകുമെന്ന് ഉറപ്പാണ്. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനെ പരാജയപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം സിപിഎം നല്‍കിയിരിക്കുന്നത് കെ.എന്‍.ബാലഗോപാലിനാണ്.

സിറ്റിങ് എംപിമാരില്‍ കാസര്‍ഗോഡ് എംപി പി.കരുണാകരനെ മാത്രമാണ് സിപിഎം മാറ്റി നിര്‍ത്തുന്നത്. കരുണാകരൻ മാറി നില്‍ക്കുന്നതോടെ കാസര്‍ഗോഡ് മണ്ഡലത്തില്‍ കെ.പി.സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎമ്മില്‍ ധാരണയായിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ എ.പ്രദീപ് കുമാര്‍ എംഎല്‍എയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായിരിക്കുന്നത്.

സിറ്റിങ് എംപിമാരായ പി.കെ.ശ്രീമതി (കണ്ണൂര്‍), എ.സമ്പത്ത് (ആറ്റിങ്ങല്‍), പി.കെ.ബിജു (ആലത്തൂര്‍), എം.ബി.രാജേഷ് (പാലക്കാട്), ജോയ്‌സ് ജോര്‍ജ് (ഇടുക്കി) എന്നിവരാണ് ഇന്നസെന്റിനെ കൂടാതെ തങ്ങളുടെ സീറ്റ് നിലനിര്‍ത്താന്‍ മത്സരംഗത്തുള്ളത്.

ശബരിമല വിഷയം ഏറെ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള പത്തനംതിട്ടയില്‍ ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. ന്യൂനപക്ഷ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പത്തനംതിട്ടയില്‍ മത്സരരംഗം ചൂടുപിടിപ്പിക്കാനാണ് സിപിഎം വീണാ ജോര്‍ജിന്റെ പേര് മുന്നോട്ടുവയ്ക്കുന്നത്.

മലപ്പുറത്ത് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവും കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനുമായിരിക്കും സ്ഥാനാര്‍ത്ഥികള്‍. രണ്ടിടത്തും മികച്ച മത്സരം കാഴ്ചവയ്ക്കുകയും വോട്ട് ഷെയര്‍ ഉയര്‍ത്തുകയുമാണ് സിപിഎമ്മിന്റെ ലക്ഷ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm lok sabha candidate announce today

Next Story
എം പാനല്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചുKSRTC, കെഎസ്ആര്ടിസി, m panel, എംപാനൽ, strike, സമരം, ഐഇ മലയാളം, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express