മൂന്നാർ: ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തെ തടഞ്ഞു. സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. സംഭവത്തെത്തുടന്ന് സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്ഥലത്തെത്തി. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന നിലപാടിലാണ് കലക്ടർ. ഒഴിപ്പിക്കാൻ അനുവദിക്കില്ലന്ന് സിപിഎം പ്രവർത്തകരും നിലപാടെടുത്തു

പൊലീസ് നോക്കി നിൽക്കെ സബ് കലക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തി. സബ് കലക്ടറുമായി നേതാക്കൾ വാക്കേറ്റമുണ്ടായി. ഭൂസംരക്ഷണ സേനാംഗങ്ങളെ മർദിച്ചതായും പരാതിയുണ്ട്. പ്രശ്നം സൃഷ്ടിച്ച പഞ്ചായത്ത് അംഗം സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ സിപിഎം പ്രവർത്തകർ തന്നെ കയ്യേറി നിർമിച്ച ഷെഡ് പൊളിച്ചുനീക്കി. അറസ്റ്റ് ചെയ്ത പഞ്ചായത്ത് അംഗത്തെ വിട്ടയച്ചു.

നേരത്തെ സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ പോഷകസംഘടനയായ കർഷകസംഘം ഓഫിസ് പടിക്കൽ രണ്ടാഴ്ചക്കാലം സത്യാഗ്രഹസമരം നടത്തിയിരുന്നു. ദേവികുളം താലൂക്കിലെ എട്ടു വില്ലേജുകളിൽ കർഷകർക്കെതിരെ നടപടികളെടുക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇവർ പിന്നീട് സമരം പിൻവലിച്ചത്.

മൂന്നാർ കയ്യേറ്റ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് കേന്ദ്ര സഹമന്ത്രി സി.ആർ.ചൗധരി സൂചന നൽകിയിരുന്നു. മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നാറിലെ കയ്യേറ്റപ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ