കൊച്ചി: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ടമറുപടിയുമായി എസ്.ഐ. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ഭീഷണി.സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് എസ്‌ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികൾ സംഘം തിരി‌ഞ്ഞ് തമ്മിലടിച്ചപ്പോൾ ഇടപെട്ടതാണെന്നും എസ്എഫ്ഐയുടെ നേതാവിനെ സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുവിട്ടെന്നും എസ്.ഐ വ്യക്തമാക്കി.

എന്നാൽ കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞിട്ട് ഇടപ്പെടാൻ സിപിഎം നേതാവ് ആവശ്യപ്പെടുകയായിരുന്നു.
രാഷ്​ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും നിങ്ങൾ മോശം അഭിപ്രായമുണ്ടെന്നും നിങ്ങൾക്ക്​ മുമ്പ്​ കളമശ്ശേരിയിൽ വേറെ എസ്​.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട്​ മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു.

നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി. നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ അമൃത് രംഗൻ വ്യക്തമാക്കി. ഒരു പാർട്ടിയോടും കൂറില്ല,ഇവിടെ ഇരിക്കാമെന്ന് വാക്കും പറഞ്ഞിട്ടില്ലെന്നും എസ്.ഐ കൂട്ടിച്ചേർത്തു. ഞാനിവിടെ ചത്ത് കെടന്നാലും പിള്ളേര് തമ്മിൽത്തല്ലാൻ ഞാൻ സമ്മതിക്കൂല്ല. ഈ യൂണിഫോം ഞാനിട്ടിട്ടുണ്ടേൽ ചാകാൻ റെഡിയായിട്ടാ വന്നേക്കണേ എന്നും പറഞ്ഞു.

Also Read: മുസ്ലീം ജനസംഖ്യ കൂടുന്നതല്ല, ഹിന്ദു ജനസംഖ്യ കുറയുന്നതാണ് പ്രശ്നം: രാഹുല്‍ ഈശ്വര്‍

ഇതോടെ സക്കീർ ഹുസൈൻ തന്നേക്കാൾ വലിയ ഉദ്യോഗസ്ഥൻമാരൊക്കെ എന്നോട് മാന്യമായിട്ടാണല്ലോ സംസാരിക്കണതെന്നായി. പല ഉദ്യോഗസ്ഥരെയും താൻ വിളിച്ച് സംസാരിക്കാറുണ്ടെന്നും തനിക്ക് മാത്രമെന്താണ് കൊമ്പുണ്ടോയെന്നും എസ്.ഐയോട് ചോദിച്ചു.

എന്നാൽ അത് തനിക്ക് അറിയില്ലെന്നും ഈ യൂണിഫോം ടെസ്റ്റ് എഴുതിയാണ് പാസായതെന്നും എസ്.ഐ വ്യക്തമാക്കി. ” നിങ്ങക്ക് ഇഷ്ടമുള്ളയാളെ കൊണ്ടിരുത്ത്. ഞാനിരിക്കൂല്ല നിങ്ങള് പറയുന്നിടത്ത്. അങ്ങനെയൊരാളല്ല ഞാൻ. നിങ്ങള് പറയണ മാതിരി പണിയെടുക്കൂല്ല, കേട്ടോ. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റൂല്ല,” എസ്.ഐ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.