കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീർ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും സക്കിർ ഹുസൈനെ തരംതാഴ്ത്തിയിട്ടുണ്ട്.

ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി ആരോപണങ്ങളും സക്കീർ ഹുസൈനെതിരെ നിലനിൽക്കുന്നുണ്ട്. സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി.

പരാതിയിൽ എറണാകുളം ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മിറ്റി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലും സക്കീർ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.