ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ടി.കെ.പളനി (83) അന്തരിച്ചു. അർബുദ രോഗബാദയെ തുടർന്നാണ് നിര്യാണം. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയം ആരംഭിച്ച പളനി ജില്ലയിലെ മുതിർന്ന നേതാവായിരുന്നു. മാരാരിക്കുളം രക്തസാക്ഷിയായ ടി.കെ.കുമാരന്റെ സഹോദരനാണ്.
1947 ൽ കയർ ഫാക്ടറി തൊഴിലാളിയായി ട്രേഡ് യൂണിയൻ രംഗം വഴി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുമ്പോൾ പതിമൂന്ന് വയസ്സായിരുന്നു പളനിക്ക്. 1953 ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. സിപിഎമ്മിന്രെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു.
രണ്ട് വർഷത്തിലേറെ സിപിഎമ്മിന്റെ അംഗത്വം പുതുക്കാതിരിക്കുകയായിരുന്ന അദ്ദേഹം അടുത്തിടെ സിപിഐയിൽ ചേർന്നിരുന്നു. ടി.കെ.പളനിയും സിപിഎമ്മും തമ്മിൽ കഴിഞ്ഞ സമ്മേളന കാലയളവിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് സിപിഐയിൽ ചേരുന്നതിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 1996ൽ വി.എസ്.അച്യുതാനന്ദൻ തോറ്റപ്പോൾ അന്ന് ജില്ലാ സെക്രട്ടേറിയറ്റംഗവും മാരാരിക്കുളം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായിരുന്ന ടി.കെ.പളനിക്ക് നടപടി നേരിടേണ്ടി വന്നു. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കിന്രെ മൂർദ്ധന്യത്തിൽ നടന്ന വെട്ടിനിരത്തലിൽ പളനി പാർട്ടി നടപടിക്ക് വിധേയനാവുകയായിരുന്നു. പിന്നീട് വീണ്ടും പാർട്ടിയിൽ സജീവമായ പളനി വീണ്ടും പാർട്ടിക്ക് അനഭിമതനാകുന്നത് കഴിഞ്ഞ പാർട്ടി സമ്മേളന കാലയളവിലാണ്.