Latest News

സന്ദീപ് വധം: പിന്നില്‍ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും; റിമാന്‍ഡ് റിപ്പോര്‍ട്ട്

അറസ്റ്റിലായ അഞ്ച് പേരും ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്

തിരുവല്ല: സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി ജിഷ്ണു രഘുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവുമുണ്ടായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് സന്ദീപിനെ ആക്രമിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. സന്ദീപിനെ കുത്തി പരുക്കേല്‍പ്പിച്ചത് ഒന്നാം പ്രതിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദീപിനെ ജിഷ്ണുവും സംഘവും ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ അഞ്ച് പേരും ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നീ പ്രതികളെ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ലയില്‍ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപം വച്ച് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അക്രമി സംഘം പിന്തുടർന്ന് വീണ്ടും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

Also Read: 1,707 അധ്യാപക, അനധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല; വാശി കാണിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm leader sandeep kumar murder remand report

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express