തിരുവല്ല: സിപിഎം നേതാവ് പി. ബി. സന്ദീപിൻ്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും.
കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
തിരുവല്ലയില്‍ സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര് പിടിയില്‍
സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര് പിടിയില്‍. ചാത്തങ്കരി സ്വദേശി ജിഷ്ണു, പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങല്‍ സ്വദേശി നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. നഗരസഭയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സന്ദീപിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപം വച്ച് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അക്രമി സംഘം പിന്തുടർന്ന് വീണ്ടും വെട്ടിപ്പരുക്കേൽപിച്ചതായും വിവരമുണ്ട്.
ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. പ്രദേശത്ത് ബിജെപി പ്രവർത്തകർ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നത് ആർഎസ്എസിന് പ്രകോപനമുണ്ടാക്കിയെന്നും സമാധാനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നും വിജയരാഘവൻ പറഞ്ഞു.