മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ബിഡിജെഎസ് രാഷ്ട്രീയ അവസരവാദികളാണെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് പാലൊളി മുഹമ്മദുകുട്ടി. പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുന്ന പാലൊളി മുഹമ്മദുകുട്ടി മനോരമ ന്യൂസിന്റെ വേങ്ങരയാത്ര പരിപാടിയിലാണ് തന്റെ പ്രതികരണം അറിയിച്ചത്.

“കാര്യസാധ്യത്തിന് വേണ്ടിയാണ് ബിഡിജെഎസ് രൂപീകരിച്ചത്. എൻഡിഎ യിൽ നിന്ന് അത് നേടാനാകില്ലെന്ന് കണ്ടതോടെ മറ്റ് മുന്നണികളെ തേടുകയാണ്. വർഷങ്ങളായി മുന്നണിയിലുള്ള ഐഎൻഎല്ലിനെ പോലും ഇടതുമുന്നണിയിൽ എടുത്തിട്ടില്ല”, പാലൊളി ഓർമ്മിപ്പിച്ചു.

“ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശനം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. ബിഡിജെഎസ് ആരംഭിച്ചപ്പോൾ തന്നെ ഇടതുമുന്നണി ഇക്കാര്യത്തിലെ ഭിന്നത അറിയിച്ചിരുന്നു. ബിജെപിയുടെ തെറ്റായ നയങ്ങളെ എതിർക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാണ്. അവരെ മുന്നണിയിലെടുക്കണോ എന്നത് ഇടതുമുന്നണിയോഗമാണ് തീരുമാനിക്കേണ്ടത്”, പാലൊളി മുഹമ്മദുകുട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ