കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഗുരുതരം. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയയോടൊപ്പം കടുത്ത പ്രമേഹവുമുള്ളതാണ് ജയരാജന്റെ ആരോഗ്യനില വഷളാക്കിയത്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ അദ്ദേഹം.
Read More: രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; ആകെ മരണം 1,53,470
ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. ആരോഗ്യമന്ത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. നേരത്തെ കെ.കെ.ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഒരാഴ്ച മുൻപാണ് എം.വി.ജയരാജന് കോവിഡ് ബാധിച്ചത്.
കേരളത്തിൽ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3607 ആയി.
അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിൻ വിതരണം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ശനിയാഴ്ച വരെ 16 ലക്ഷത്തിലധികം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് വാക്സിൻ വിതരണം ഇന്ത്യയിൽ ആരംഭിച്ചത്.